
വാഷിംഗ്ടൺ/ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ, അമേരിക്കയുടെ അതിനൂതന സ്റ്റെൽത്ത് യുദ്ധവിമാനമായ എഫ്-35 ഇറാൻ ആക്രമിച്ചതായി റിപ്പോർട്ട്. ആക്രമണത്തിൽ തകരാർ സംഭവിച്ച വിമാനം മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സൈനിക താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തു.
ഇറാനിൽ ഒരു സൈനിക ദൗത്യത്തിൽ ഏർപ്പെട്ടിരിക്കെയാണ് വിമാനത്തിന് നേരെ ആക്രമണമുണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാൻ്റെ മിസൈലോ വെടിയുണ്ടയോ വിമാനത്തിൽ പതിച്ചതായാണ് പ്രാഥമിക നിഗമനം. വിമാനം തങ്ങൾ വെടിവെച്ചിട്ടതാണെന്ന് അവകാശപ്പെട്ട ഇറാൻ്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (IRGC), ഇതിൻ്റെ ദൃശ്യങ്ങളും പുറത്തുവിട്ടു.
വിമാനത്തിന് കേടുപാടുകൾ സംഭവിച്ചെങ്കിലും പൈലറ്റ് പരുക്കേൽക്കാതെ രക്ഷപ്പെട്ടു. തകരാറിലായ വിമാനം പൈലറ്റ് സാഹസികമായി സുരക്ഷിത കേന്ദ്രത്തിൽ ലാൻഡ് ചെയ്യിക്കുകയായിരുന്നു. പൈലറ്റിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. എന്നാൽ, ഇറാൻ ആക്രമണത്തെക്കുറിച്ച് സെൻട്രൽ കമാൻഡ് പ്രതികരിച്ചില്ല. എന്താണ് സംഭവിച്ചതെന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ക്യാപ്റ്റൻ ടിം ഹോക്കിൻസ് സിഎൻഎന്നിനോട് പറഞ്ഞു.
റഡാറുകളുടെ കണ്ണുവെട്ടിച്ച് പറക്കാൻ ശേഷിയുള്ള ലോകത്തിലെ ഏറ്റവും കരുത്തുറ്റ യുദ്ധവിമാനങ്ങളിലൊന്നാണ് എഫ്-35. ഇത്തരമൊരു വിമാനത്തെ ഇറാൻ ലക്ഷ്യം വെച്ചത് അമേരിക്കയെ ഞെട്ടിച്ചിരിക്കുകയാണ്. ഈ ആക്രമണം മേഖലയിലെ സംഘർഷം കൂടുതൽ വഷളാക്കുമെന്നും ശക്തമായ തിരിച്ചടിക്ക് അമേരിക്ക മുതിരുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്.
Did Iran shoot down a US fighter jet that was flying over radar? The F-35 made an emergency landing















