
യുവനടി നൽകിയ പീഡന പരാതിയെത്തുടർന്ന് പ്രമുഖ ചലച്ചിത്ര സംവിധായകൻ രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. നിലവിൽ അദ്ദേഹം സംവിധാനം ചെയ്തുകൊണ്ടിരിക്കുന്ന സിനിമയിലെ നടിയാണ് പരാതിക്കാരി. ചിത്രീകരണത്തിനിടെ ലൊക്കേഷനിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് നടിയുടെ പരാതി. ഇടുക്കി എസ്പിയുടെ നിർദ്ദേശപ്രകാരം തൊടുപുഴ പോലീസ് കസ്റ്റഡിയിലെടുത്ത രഞ്ജിത്തിനെ ഉടൻ തന്നെ കൊച്ചി സെൻട്രൽ സ്റ്റേഷനിലേക്ക് എത്തിക്കും.
രണ്ട് ദിവസം മുൻപ് വനിതാ പോലീസ് സ്റ്റേഷനിൽ വെച്ച് നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും (SIT) ലഭിച്ച പരാതി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേശ്വറിന് കൈമാറുകയും അതീവ രഹസ്യമായി അന്വേഷണം പൂർത്തിയാക്കുകയുമായിരുന്നു. നടിയുടെ മൊഴിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതോടെയാണ് അറസ്റ്റ് നടപടികളിലേക്ക് പോലീസ് കടന്നത്.
സിനിമ ലൊക്കേഷനിൽ വെച്ചുണ്ടായ ദുരനുഭവത്തെക്കുറിച്ച് നടി നൽകിയ വിശദമായ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ മലയാള ചലച്ചിത്ര മേഖലയിൽ ഉയർന്നുവന്ന പരാതികളുടെ തുടർച്ചയായാണ് ഈ പുതിയ വെളിപ്പെടുത്തലും അറസ്റ്റും. രഞ്ജിത്തിനെ കൊച്ചിയിലെത്തിച്ച ശേഷം കൂടുതൽ ചോദ്യം ചെയ്യലിന് വിധേയനാക്കും. നേരത്തെ ബംഗാളി നടിയുടെ പരാതിയിലും കോഴിക്കോട് യുവാവിന്റെ പ്രകൃതി വിരുദ്ധം കേസിലും രഞ്ജിത്ത് രക്ഷപ്പെട്ടിരുന്നു.
Director Ranjith arrested following sexual assault complaint by young actress











