
പ്രമുഖ സംവിധായകൻ രഞ്ജിത്തിനെതിരെയുള്ള പീഡന പരാതിയിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ജനുവരി 9-ന് ഫോർട്ട് കൊച്ചിയിൽ സിനിമ ചിത്രീകരണത്തിനിടെ കാരവാനിൽ വെച്ച് തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് യുവനടി പരാതിയിൽ പറയുന്നത്. സംഭവത്തെത്തുടർന്നുണ്ടായ കടുത്ത മാനസികാഘാതം കാരണം കൗൺസിലിംഗിന് വിധേയയാകേണ്ടി വന്നുവെന്നും അതിനുശേഷമാണ് പരാതി നൽകാൻ തീരുമാനിച്ചതെന്നും നടി വെളിപ്പെടുത്തി. നിലവിൽ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നടി തന്നെയാണ് പരാതിയുമായി രംഗത്തെത്തിയത്. മൂന്ന് ദിവസം മുൻപ് എറണാകുളം നോർത്ത് വനിതാ സ്റ്റേഷനിൽ എത്തി നടി മൊഴി നൽകിയതോടെയാണ് അറസ്റ്റ് നടപടികളിലേക്ക് പോലീസ് നീങ്ങിയത്.
ഭാരതീയ ന്യായ സംഹിതയിലെ (BNS) 74, 75(1), 75(2), 79, 127(2) തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് രഞ്ജിത്തിനെതിരെ ചുമത്തിയിരിക്കുന്നത്. ലൈംഗിക അതിക്രമം, മാനഭംഗശ്രമം, അശ്ലീല പദപ്രയോഗങ്ങൾ, തടഞ്ഞുവെക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ നിലനിൽക്കുന്നത്. എറണാകുളം സിറ്റി ഡിസിപി അശ്വതി ജിജിക്കാണ് അന്വേഷണ ചുമതല. നടിയുടെ മൊഴിയിൽ പ്രാഥമികമായി കഴമ്പുണ്ടെന്ന് കണ്ടെത്തിയ പോലീസ്, രഞ്ജിത്ത് മുങ്ങാൻ സാധ്യതയുണ്ടെന്ന സൂചന ലഭിച്ചതോടെ അതീവ രഹസ്യമായാണ് അറസ്റ്റ് നീക്കം നടത്തിയത്. ഇടുക്കി എസ്പിയുടെ നിർദ്ദേശപ്രകാരം തൊടുപുഴയിൽ വെച്ച് കാർ തടഞ്ഞാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
തൊടുപുഴ പോലീസിൽ നിന്നും രഞ്ജിത്തിനെ ഏറ്റുവാങ്ങിയ കൊച്ചി പോലീസ് സംഘം നിലവിൽ കൊച്ചിയിലേക്ക് തിരിച്ചു കഴിഞ്ഞു. സെൻട്രൽ സ്റ്റേഷനിൽ എത്തിച്ച ശേഷം ഇയാളെ വിശദമായ ചോദ്യം ചെയ്യലിന് വിധേയനാക്കും. സിറ്റി കമ്മീഷണർ കാളിരാജ് മഹേശ്വറിന്റെ മേൽനോട്ടത്തിലാണ് തുടർനടപടികൾ പുരോഗമിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന് ശേഷം മലയാള സിനിമയിലെ പ്രമുഖർക്കെതിരെ ഉയരുന്ന പരാതികളിൽ ഏറ്റവും ഒടുവിലത്തേതാണ് ഈ സംഭവം.
Director Ranjith charged under non-bailable sections for assaulting actress inside caravan












