
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വാഗ്ദാനങ്ങളുടെ പെരുമഴയുമായി ഡിഎംകെ പ്രകടനപത്രിക മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പുറത്തിറക്കി. സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കും വലിയ പ്രാധാന്യം നൽകുന്ന പ്രഖ്യാപനങ്ങളാണ് ഇതിലുള്ളത്. സ്ത്രീകൾക്ക് നിലവിൽ നൽകുന്ന 1000 രൂപ ധനസഹായം 2000 രൂപയായി ഉയർത്തുമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനം. ബിജെപിയുടെ രാഷ്ട്രീയ നീക്കങ്ങൾ മുൻകൂട്ടി കണ്ട് സ്ത്രീകൾക്കായി പ്രത്യേക പദ്ധതികൾ നടപ്പിലാക്കിയെന്നും ഡിഎംകെ തന്നെ വീണ്ടും അധികാരത്തിൽ വരുമെന്നും പ്രകടനപത്രിക പുറത്തിറക്കിക്കൊണ്ട് സ്റ്റാലിൻ പറഞ്ഞു.
ക്ഷേമപദ്ധതികളിൽ വലിയ വിപുലീകരണമാണ് പാർട്ടി ലക്ഷ്യമിടുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പത്ത് ലക്ഷം പുതിയ വീടുകൾ നിർമ്മിച്ചു നൽകും. സ്കൂളുകളിലെ പ്രഭാതഭക്ഷണ പദ്ധതി എട്ടാം ക്ലാസ് വരെ വ്യാപിപ്പിക്കുമെന്നും കോളേജ് വിദ്യാർത്ഥിനികൾക്കുള്ള പുതുമൈ പെൺ പദ്ധതി പ്രകാരം പ്രതിമാസം നൽകുന്ന തുക 1500 രൂപയായി വർധിപ്പിക്കുമെന്നും പ്രകടനപത്രികയിൽ പറയുന്നു. മുഖ്യമന്ത്രിയുടെ മെഡിക്കൽ ഇൻഷുറൻസ് പരിധി അഞ്ച് ലക്ഷം രൂപയാക്കി ഉയർത്തുന്നതിനൊപ്പം വാർദ്ധക്യകാല പെൻഷൻ 1200 രൂപയിൽ നിന്ന് 2000 രൂപയാക്കി വർധിപ്പിക്കുമെന്നും ഡിഎംകെ വാഗ്ദാനം ചെയ്യുന്നു.
സാമ്പത്തിക, വിദ്യാഭ്യാസ മേഖലകളിലും വൻ പദ്ധതികളാണ് സ്റ്റാലിൻ 2.0 ലക്ഷ്യമിടുന്നത്. 35 ലക്ഷം വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്ടോപ്പുകൾ നൽകുന്നതിനൊപ്പം 18 ലക്ഷം കോടിയുടെ വിദേശ നിക്ഷേപം സംസ്ഥാനത്തേക്ക് എത്തിക്കുമെന്നും പ്രകടനപത്രിക ഉറപ്പുനൽകുന്നു. ആദായനികുതി അടയ്ക്കാത്ത കുടുംബങ്ങളിലെ സ്ത്രീകൾക്ക് ഗൃഹോപകരണങ്ങൾ വാങ്ങുന്നതിനായി 8000 രൂപയുടെ കൂപ്പൺ നൽകുമെന്നതാണ് മറ്റൊരു ആകർഷകമായ പ്രഖ്യാപനം. വാഷിംഗ് മെഷീൻ, ഫ്രിഡ്ജ്, ടിവി തുടങ്ങിയവ വാങ്ങാൻ ഈ കൂപ്പൺ ഉപയോഗിക്കാം. കൂടാതെ 5000 ക്ഷേത്രങ്ങളിൽ കുംഭാഭിഷേകം നടത്തുമെന്നും ഡിഎംകെ പ്രഖ്യാപിച്ചിട്ടുണ്ട്.
DMK releases manifesto with major promises for women and students as Stalin targets second term











