മുതലക്കണ്ണീരൊഴുക്കേണ്ടെന്ന് തുറന്നടിച്ച ചാണ്ടി ഉമ്മന് മറുപടിയുമായി സഹോദരീഭർത്താവ്; ‘ഉമ്മൻചാണ്ടിയുടെ പേരിൽ ആരോടും വോട്ട് ചോദിച്ചിട്ടില്ല’

തൃശൂർ: ഉമ്മൻചാണ്ടിയുടെ പേരിൽ ആരും മുതലക്കണ്ണീരൊഴുക്കേണ്ടെന്ന് തുറന്നടിച്ച ചാണ്ടി ഉമ്മന് മറുപടിയുമായി കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും ഉമ്മൻചാണ്ടിയുടെ സഹോദരീഭർത്താവുമായ ഡോ. വർഗീസ് ജോർജ് രംഗത്തെത്തി. ഉമ്മൻചാണ്ടിയുടെ മരുമകനാണ് താനെന്ന് പറഞ്ഞ് ആരോടും തനിക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞിട്ടില്ലെന്ന് വർഗീസ് ജോർജ് വ്യക്തമാക്കി. കഴിഞ്ഞ രണ്ടര വർഷമായി മണ്ഡലത്തിൽ സജീവമായി പ്രവർത്തിച്ചു വരികയാണെന്നും, എണ്ണായിരത്തിലധികം വീടുകളിൽ കയറിയിട്ടുണ്ടെന്നും, അത്യാവശ്യമായ എല്ലാ കാര്യങ്ങളിലും പ്രതിഷേധിച്ചിട്ടുണ്ടെന്നും, നട്ടുച്ച വെയിലത്ത് റോഡരികിൽ നിന്ന് പ്രസംഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇതിനെയെല്ലാം അടിസ്ഥാനമാക്കിയാണ് താൻ വോട്ട് ചോദിക്കുന്നതെന്ന് ഡോ. വർഗീസ് ജോർജ് ചൂണ്ടിക്കാട്ടി. നോമിനേഷൻ സമർപ്പിക്കുന്നതിന് മുമ്പ് മീഡിയയെ ഉമ്മൻചാണ്ടിയുടെ കല്ലറയിലേക്ക് കൊണ്ടുവന്ന് എത്രപേർ മുതലക്കണ്ണീർ ഒഴുക്കുന്നുവെന്ന് നോക്കണമെന്നും, ഉമ്മൻചാണ്ടി ഇപ്പോഴും ജീവിച്ചിരുന്നെങ്കിൽ ആ കല്ലറയിൽ പോയവരിൽ എത്രപേർ അദ്ദേഹത്തിന്റെ കാൽ തൊട്ട് വന്ദിച്ച ശേഷം നോമിനേഷൻ നൽകുമായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു.

ഐയും എയും ഒക്കെ അദ്ദേഹത്തെ പിന്നിൽ നിന്ന് കുത്തിയിട്ട് മരിച്ച ശേഷം അദ്ദേഹത്തിന്റെ പേരിന്റെ ഗുണഭോക്താക്കളായി മാറുന്നതാണ് മുതലക്കണ്ണീരെന്ന് വർഗീസ് ജോർജ് പറഞ്ഞു. ചാണ്ടി ഉമ്മന് ആ ആളുകൾക്കെതിരെ ഇതേ പരാമർശം നടത്താൻ ധൈര്യമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
ചാണ്ടിയെ താൻ കുറ്റം പറയുന്നില്ലെന്നും, ചാണ്ടിയെ അനിയനായിട്ടാണ് കാണുന്നതെന്നും ഡോ. വർഗീസ് ജോർജ് വ്യക്തമാക്കി. തന്റെ അനുയായികളും ഇഷ്ടപ്പെടുന്നവരും ചാണ്ടിയെ ചീത്ത പറയരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide