
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രി പിണറായി വിജയനെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ചതിന് പിന്നാലെ രസകരമായ പ്രതികരണവുമായി നടൻ സലിം കുമാർ. മുഖ്യമന്ത്രി ദയവുചെയ്ത് സതീശനെ ചർച്ചയ്ക്ക് വെല്ലുവിളിക്കരുതെന്നും ‘പുലിമടയിൽ കൊണ്ടുപോയി തല വെക്കരുത്’ എന്നും സലിം കുമാർ പരിഹസിച്ചു. സതീശനുമായി ചർച്ചയ്ക്ക് പോയാൽ മുഖ്യമന്ത്രിയെക്കൊണ്ട് മൂക്കുകൊണ്ട് ‘ഋതിക് റോഷൻ’ എന്ന് അദ്ദേഹം എഴുതിക്കുമെന്നും താരം കൂട്ടിച്ചേർത്തു. മുൻപ് തോമസ് ഐസക്കിനെക്കൊണ്ട് ‘ധൃതരാഷ്ട്രർ’ എന്ന് എഴുതിച്ച ചരിത്രം സതീശനുണ്ടെന്ന് സലിം കുമാർ ഓർമ്മിപ്പിച്ചു.
തനിക്കെതിരെ കേസെടുത്തതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ‘മായാവി’ സിനിമയിലെ പ്രശസ്തമായ “ഇതൊക്കെ യെന്ത്” എന്ന ഡയലോഗ് പറഞ്ഞാണ് അദ്ദേഹം മറുപടി. സർക്കാരിന്റെ വിവിധ നയങ്ങൾക്കെതിരെയും രാഷ്ട്രീയ നീക്കങ്ങൾക്കെതിരെയും സലിം കുമാർ നിരന്തരം വിമർശനങ്ങൾ ഉന്നയിക്കാറുണ്ട്. യുഡിഎഫ് വേദികളിൽ സജീവമായ താരം പരിഹാസത്തിലൂടെയും തമാശയിലൂടെയുമാണ് ഇത്തവണയും സർക്കാരിനെതിരെ രംഗത്തെത്തിയത്.
Don’t challenge V.D. Satheesan for a debate; Salim Kumar mocks CM Pinarayi Vijayan









