
ന്യൂഡൽഹി: സൂപ്പർതാരം അല്ലു അർജുനെ കാണാൻ 42 കർശന നിബന്ധനകൾ പാലിക്കണമെന്ന ബ്രാൻഡ് മാനേജർ കാവേരി ബറുവയുടെ വെളിപ്പെടുത്തൽ വലിയ വിവാദത്തിന് വഴിയൊരുക്കിയിരിക്കുകയാണ്. ‘സ്വീകൃതി ടോക്സ്’ എന്ന പോഡ്‌കാസ്റ്റിൽ അല്ലു അർജുനെ കാണുന്നതിന് പാലിക്കേണ്ട 42 കർശന നിയമങ്ങളെ കുറിച്ച് കാവേരി സംസാരിച്ചതോടെയാണ് വിവാദം ആരംഭിച്ചത്.
അല്ലു അർജുനെ കാണുന്നതിന് മുൻപ് അദ്ദേഹത്തിന്റെ ടീം 42 നിബന്ധനകൾ അടങ്ങിയ ഒരു പട്ടിക നൽകിയെന്നും അതിൽ താരത്തിൻ്റെ കണ്ണുകളിലേക്ക് നേരിട്ട് നോക്കരുത്, ഹസ്തദാനം ചെയ്യരുത് തുടങ്ങിയ വിചിത്രമായ നിബന്ധനകൾ ഉൾപ്പെട്ടിരുന്നുവെന്നും അവർ അവകാശപ്പെട്ടു.
എന്നാൽ, ആരോപണങ്ങൾ അടിസ്ഥാനരഹിതവും അസത്യവുമാണെന്ന് അല്ലു അർജുന്റെ ഔദ്യോഗിക ടീം പ്രസ്താവനയിലൂടെ വ്യക്തമാക്കി. താരത്തിൻ്റെ അന്തസ്സിനെ കളങ്കപ്പെടുത്താനുള്ള ശ്രമമാണിതെന്ന് അവർ ആരോപിച്ചു. വ്യാജപ്രചാരണം നടത്തിയവർക്കെതിരെ അപകീർത്തിക്കേസ് ഉൾപ്പെടെയുള്ള നിയമനടപടികൾ ആരംഭിച്ചതായി റിപ്പോർട്ടുണ്ട്.
അതിനിടെ, വിവാദം കടുത്തതോടെ, വീഡിയോ പിൻവലിക്കാൻ അല്ലു അർജുൻ്റെ ടീം സമ്മർദ്ദം ചെലുത്തിയെന്ന് ആരോപിച്ച് പോഡ്‌കാസ്റ്റ് അവതാരക രംഗത്തെത്തി. ഭീഷണികളെത്തുടർന്നാണ് വീഡിയോ നീക്കം ചെയ്തതെന്നാണ് അവരുടെ വാദം.
അസം സ്വദേശിയായ കാവേരി, മാർക്കറ്റിംഗ് രംഗത്ത് ഏതാണ്ട് പത്ത് വർഷത്തോളം പ്രവൃത്തിപരിചയമുള്ള വ്യക്തിയാണ്. ഈ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ കാവേരി ബറുവയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ അല്ലു അർജുൻ ആരാധകരുടെ ഭാഗത്തുനിന്ന് വലിയ തോതിലുള്ള സൈബർ ആക്രമണം നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
Don’t look into his eyes, don’t shake hands… Allu Arjun’s ’42 rules’ become controversial, cyberattack on woman who revealed















