
തിരുവനന്തപുരം വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസുമായി ബന്ധപ്പെട്ട തർക്കം പുതിയ തലത്തിലേക്ക് കടക്കുന്നു. ശാസ്തമംഗലത്തെ ബിജെപി കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ എംഎൽഎയുടെ ഓഫീസിൽ അതിക്രമിച്ചു കയറി എന്ന ആരോപണത്തിന് പിന്നാലെയാണ് നാടകീയമായ നീക്കങ്ങൾ ഉണ്ടായത്. എംഎൽഎയുടെ ഓഫീസിനു മുകളിൽ തന്റെ പേര് വെച്ച പുതിയ ബോർഡ് സ്ഥാപിച്ച ചിത്രം പങ്കുവെച്ചുകൊണ്ടാണ് ശ്രീലേഖ രംഗത്തെത്തിയത്. തന്നെ ‘ഓലപ്പാമ്പിനെ കാട്ടി പേടിപ്പിക്കേണ്ട’ എന്ന ശക്തമായ മറുപടിയും ഇതിനൊപ്പം അവർ നൽകി.
കോർപ്പറേഷൻ കെട്ടിടത്തിലുള്ള എംഎൽഎ ഓഫീസ് ഒഴിയണമെന്ന് നേരത്തെ ശ്രീലേഖ ആവശ്യപ്പെട്ടിരുന്നു. എന്നാൽ 2026 മാർച്ച് വരെ തനിക്ക് കെട്ടിടത്തിന് കരാറുണ്ടെന്നും നഗരസഭാ സെക്രട്ടറി അറിയിക്കാതെ ഓഫീസ് ഒഴിയാൻ സാധിക്കില്ലെന്നുമാണ് വി.കെ. പ്രശാന്തിന്റെ നിലപാട്. നിലവിൽ എംഎൽഎയുടെ ഓഫീസ് ബോർഡിന് മുകളിൽ ‘കൗൺസിലർ ശാസ്തമംഗലം വാർഡ്’ എന്ന ബോർഡ് വെച്ചാണ് ശ്രീലേഖ പ്രതിഷേധം രേഖപ്പെടുത്തിയത്. ഇത് ജനാധിപത്യപരമായ മര്യാദകളുടെ ലംഘനമാണെന്ന് ഇടതുപക്ഷ കേന്ദ്രങ്ങൾ ആരോപിക്കുന്നു.
തനിക്ക് അനുവദിച്ച മുറിയിൽ സൗകര്യങ്ങൾ പരിമിതമാണെന്നും മാലിന്യക്കൂമ്പാരത്തിന് നടുവിലാണ് അതെന്നുമാണ് ശ്രീലേഖയുടെ പരാതി. തർക്കം രൂക്ഷമായതോടെ എംഎൽഎ ഓഫീസ് ഒഴിപ്പിക്കാനുള്ള നീക്കം രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് വി.കെ. പ്രശാന്ത് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, നഗരസഭയിലെ കൗൺസിലർ എന്ന നിലയിൽ ജനസേവനത്തിനായി തനിക്ക് അർഹമായ ഇടം ലഭിക്കണമെന്ന വാശിയിലാണ് ആർ. ശ്രീലേഖ.













