ബാലെൻ ഷാ അധികാരമേറ്റതിന് പിന്നാലെ നേപ്പാളിൽ നാടകീയ നീക്കം; മുൻ പ്രധാനമന്ത്രി കെ.പി. ശർമ ഒലി അറസ്റ്റിൽ

കാഠ്മണ്ഡു: നേപ്പാൾ മുൻ പ്രധാനമന്ത്രിയും സി.പി.എൻ-യു.എം.എൽ നേതാവുമായ കെ.പി. ശർമ ഒലിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭക്തപൂരിലെ അദ്ദേഹത്തിൻ്റെ സ്വകാര്യ വസതിയിൽ നിന്ന് ശനിയാഴ്ച പുലർച്ചെയോടെയാണ് സുരക്ഷാ സേന അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ വർഷം നേപ്പാളിൽ നടന്ന ആവേശകരമായ ‘ജെൻ സി’ അഴിമതി വിരുദ്ധ പ്രക്ഷോഭങ്ങളെ ക്രൂരമായി അടിച്ചമർത്താൻ ഉത്തരവിട്ടു എന്ന ഗുരുതരമായ ആരോപണമാണ് ഒലിക്കെതിരെ ചുമത്തിയിരിക്കുന്നത്. 2025 സെപ്റ്റംബറിൽ നടന്ന ഈ പ്രക്ഷോഭങ്ങളിൽ പൊലീസ് നടത്തിയ നടപടിയിൽ 76 പേർ കൊല്ലപ്പെട്ടിരുന്നു. ഈ കൂട്ടക്കൊലയിൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഒലിക്ക് നേരിട്ട് പങ്കുണ്ടെന്നാണ് നിലവിലെ അന്വേഷണ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

ഒലിക്കൊപ്പം മുൻ ആഭ്യന്തര മന്ത്രി രമേശ് ലേഖകിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രക്ഷോഭങ്ങളെത്തുടർന്ന് അധികാരം നഷ്ടമായ ഒലിക്ക് പകരം ബാലേന്ദ്ര ഷാ (ബാലെൻ ഷാ) പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റതിന് തൊട്ടുപിന്നാലെയാണ് ഈ നാടകീയ നീക്കങ്ങൾ നടന്നത്. അതേസമയം, അറസ്റ്റ് രാഷ്ട്രീയ പകപോക്കലാണെന്ന് കെ.പി. ശർമ ഒലി പ്രതികരിച്ചു. എന്നാൽ, ജനാധിപത്യപരമായ പ്രതിഷേധങ്ങളെ ചോരയിൽ മുക്കിക്കൊന്നവർ നിയമത്തിന് മുന്നിൽ മറുപടി പറയേണ്ടി വരുമെന്ന് പുതിയ സർക്കാർ വ്യക്തമാക്കി. കാഠ്മണ്ഡുവിൽ നിലവിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

Dramatic move in Nepal after Balen Shah takes power; Former Prime Minister KP Sharma Oli arrested

More Stories from this section

family-dental
witywide