ഒമാനിൽ ഡ്രോൺ ആക്രമണം; രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടു, 10 പേർക്ക് പരിക്കേറ്റു

ന്യൂഡൽഹി: ഒമാനിലെ സോഹാർ നഗരത്തിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെടുകയും 10 ഇന്ത്യൻ പൗരന്മാർക്ക് പരിക്കേൽക്കുകയും ചെയ്തതായി കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു. സോഹാറിലെ അൽ-അവാഹി വ്യവസായ മേഖലയിലാണ് ഡ്രോൺ പതിച്ചത്. ഇതിൽ രണ്ട് വിദേശ തൊഴിലാളികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.

” മസ്കറ്റിന് സമീപമുള്ള സോഹാർ നഗരത്തിലാണ് ഡ്രേൗൺ ആക്രമണം നടന്നത്. ഈ ആക്രമണത്തിൽ രണ്ട് ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടത് വലിയ ദുഃഖത്തോടെയാണ് അറിയിക്കുന്നത്. പരിക്കേറ്റ 11 പേരിൽ 10 പേർ ഇന്ത്യക്കാരാണ്. ഇവരിൽ അഞ്ച് പേർ ചികിത്സയ്ക്ക് ശേഷം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. ശേഷിക്കുന്ന അഞ്ചുപേർ ചികിത്സയിൽ തുടരുന്നു. ആരുടേയും പരിക്ക് ഗുരുതരമല്ല,” എന്ന് വിദേശകാര്യ മന്ത്രാലയത്തിലെ ഗൾഫ് വിഭാഗത്തിലെ അഡീഷണൽ സെക്രട്ടറി അസീം മഹാജൻ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.

പരിക്കേറ്റവർക്ക് സഹായം നൽകുന്നതിനായി ഇന്ത്യൻ അധികൃതർ പ്രാദേശിക അധികാരികളുമായും ബന്ധപ്പെട്ട കമ്പനികളുമായും ബന്ധപ്പെടുന്നുണ്ടെന്നും മരിച്ചവരുടെ മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികളും ഇന്ത്യൻ ദൗത്യസംഘം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗൾഫ് മേഖലയിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ഏകദേശം ഒരു കോടി ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ സർക്കാർ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അറിയിച്ചു.

നിലവിലെ സുരക്ഷാ സാഹചര്യത്തിൽ പശ്ചിമേഷ്യൻ രാജ്യങ്ങളുമായി ഇന്ത്യ തുടർച്ചയായി ബന്ധം പുലർത്തുന്നുണ്ടെന്നും വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ എന്നിവരുമായി സംസാരിച്ചുവെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൽ പറഞ്ഞു. മേഖലയിലുള്ള ഇന്ത്യക്കാരുടെ സുരക്ഷയും ഊർജ ഗതാഗത മാർഗങ്ങളുടെ സുരക്ഷയും സംബന്ധിച്ച ആശങ്കയും അറിയിച്ചുവെന്നും ജയ്സ്വാൽ വ്യക്തമാക്കി.

വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഘ്ചിയുമായി ടെലിഫോണിൽ സംസാരിച്ചിരുന്നു. ഇരുരാജ്യ ബന്ധങ്ങളും പ്രാദേശിക സാഹചര്യങ്ങളും ചർച്ച ചെയ്തു. ഇറാനിലുണ്ടായിരുന്ന ഏകദേശം 170 ഇന്ത്യൻ പൗരന്മാർ അടുത്തിടെ കരമാർഗം ഉപയോഗിച്ച് അർമേനിയയിലേക്ക് കടന്നതായും ഇവരിൽ ചിലർ ഇതിനകം ഇന്ത്യയിലേക്ക് മടങ്ങിയതായും ഉദ്യോഗസ്ഥർ അറിയിച്ചു. മറ്റുള്ളവർ അടുത്ത ദിവസങ്ങളിൽ വാണിജ്യ വിമാനങ്ങൾ വഴി മടങ്ങും.

Drone attack in Oman; Two Indians killed, 10 injured

More Stories from this section

family-dental
witywide