
മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ ഏറ്റവും ശക്തമായ മയക്കുമരുന്ന് മാഫിയയായ ജാലിസ്കോ ന്യൂ ജനറേഷൻ കാർട്ടലിന്റെ (CJNG) തലവൻ നെമെസിയോ ഒസെഗ്വേര സെർവാന്റസ് കൊല്ലപ്പെട്ടു. ‘എൽ മെഞ്ചോ’ എന്നറിയപ്പെടുന്ന ഇയാൾ ഞായറാഴ്ച മെക്സിക്കൻ സൈന്യം നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് കൊല്ലപ്പെട്ടത്.
മെക്സിക്കൻ സായുധ സേന പടിഞ്ഞാറൻ സംസ്ഥാനമായ ജാലിസ്കോയിലെ തപാൽപ്പ എന്ന പട്ടണത്തിലാണ് ഈ നീക്കം നടത്തിയത്. ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ എൽ മെഞ്ചോയെ, ചികിത്സയ്ക്കായി തലസ്ഥാനമായ മെക്സിക്കോ സിറ്റിയിലേക്ക് വിമാനമാർഗ്ഗം കൊണ്ടുപോകുന്നതിനിടെയാണ് മരണപ്പെട്ടത്.
ഇദ്ദേഹത്തിൻ്റെ മരണത്തെത്തുടർന്ന് കാർട്ടൽ അംഗങ്ങൾ വ്യാപകമായ അക്രമങ്ങൾ അഴിച്ചുവിട്ടു. ജാലിസ്കോയിലെ പലയിടങ്ങളിലും വാഹനങ്ങൾക്കും കടകൾക്കും തീയിടുകയും റോഡുകൾ ഉപരോധിക്കുകയും ചെയ്തു. ലോകമെമ്പാടും മയക്കുമരുന്ന് കടത്തുന്ന അതിശക്തമായ ഒരു ക്രിമിനൽ സംഘത്തിൻ്റെ തലവനായിരുന്നു എൽ മെഞ്ചോ. ഇദ്ദേഹത്തെ പിടികൂടാൻ സഹായിക്കുന്നവർക്ക് അമേരിക്ക 15 ദശലക്ഷം ഡോളർ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.
Drug mafia boss ‘El Mencho’ killed in special operation by Mexican army, followers unleash violence















