സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചതോടെ മുന്നണി സ്ഥാനാർത്ഥികളെ ആശങ്കയിലാഴ്ത്തി അപരന്മാരുടെ ചിത്രവും തെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെയുള്ള പ്രമുഖ സ്ഥാനാർത്ഥികൾക്കെതിരെ സമാന പേരുള്ളവർ പത്രിക സമർപ്പിച്ചിട്ടുണ്ട്. ധർമ്മടത്ത് വിജയൻ എ എം ആണ് മുഖ്യമന്ത്രിയുടെ അപരനായി രംഗത്തുള്ളത്. പറവൂരിൽ വി ഡി സതീശന് അപരൻ അവതരിച്ചു. കൈതാരം സ്വദേശി കെ ബി സതീശനാണ് പത്രിക നൽകിയിരിക്കുന്നത്. നേമത്ത് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനും അപര ഭീഷണി ഉണ്ട്. രാജീവ് കുമാറാണ് അപരൻ.
കണ്ണൂർ ജില്ലയിലെ നിരവധി മണ്ഡലങ്ങളിൽ പ്രമുഖർക്ക് അപരഭീഷണിയുണ്ട്. പേരാവൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയ്ക്കും യുഡിഎഫ് സ്ഥാനാർത്ഥി സണ്ണി ജോസഫിനും രണ്ട് അപരന്മാർ വീതമാണുള്ളത്. സി ശൈലജ, ശൈലജ എ വി എന്നിവർ കെ കെ ശൈലജയ്ക്കെതിരെയും, എറണാകുളം സ്വദേശി സണ്ണി ജോസഫ്, സണ്ണി എന്നിവർ സണ്ണി ജോസഫിനെതിരെയും പത്രിക നൽകി. അഴീക്കോട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി കെ വി സുമേഷിനും അപരനുണ്ട്.
തെക്കൻ കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. അരുവിക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി വി എസ് ശിവകുമാറിന് രണ്ട് അപരന്മാരുള്ളപ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥി ജി സ്റ്റീഫനെതിരെ സ്റ്റീഫൻ എന്ന പേരിൽ മറ്റൊരാൾ പത്രിക നൽകിയിട്ടുണ്ട്. മലബാർ മേഖലയിൽ മന്ത്രിമാർക്കെതിരെയും അപരന്മാർ സജീവമാണ്. തിരൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി മന്ത്രി വി അബ്ദുറഹിമാന് രണ്ട് അപരന്മാരുണ്ട്. ബേപ്പൂർ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ അപരന്മാരുള്ളത്; ഇവിടെ ആകെ ആറ് അപര സ്ഥാനാർത്ഥികളാണ് പത്രിക നൽകിയത്. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ രണ്ട് പേരും യുഡിഎഫ് സ്ഥാനാർത്ഥി പി വി അൻവറിനെതിരെ നാല് പേരും അപരന്മാരായി രംഗത്തുണ്ട്. പേര് സമാനമായത് വോട്ടർമാരെ ആശയക്കുപ്പത്തിലാക്കുമോ എന്ന ആശങ്കയിലാണ് മുന്നണികൾ.
മറ്റ് പ്രധാന മണ്ഡലങ്ങളിലും സമാനമായ പേരുള്ള സ്വതന്ത്ര സ്ഥാനാർത്ഥികൾ വെല്ലുവിളിയുയർത്തുന്നു. അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്ന ജി സുധാകരനെതിരെ പാതിരപ്പള്ളി സ്വദേശി സുധാകരൻ പത്രിക നൽകി. മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാർത്ഥി എ കെ എം അഷ്റഫിനെതിരെ രണ്ട് മുഹമ്മദ് അഷ്റഫുമാരാണ് പത്രിക സമർപ്പിച്ചത്. വട്ടിയൂർക്കാവിലെ എൽഡിഎഫ് സ്ഥാനാർത്ഥി വി കെ പ്രശാന്തിനെതിരെ കെ പ്രശാന്ത് എന്ന അപരൻ മത്സരരംഗത്തുണ്ട്. ഒറ്റപ്പാലത്ത് എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് ഒരേപോലെ അപരഭീഷണിയുണ്ട്. യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി പി കെ ശശിക്ക് അതേ പേരിൽ തന്നെയുള്ള അപരനാണുള്ളത്. എൽഡിഎഫ് സ്ഥാനാർത്ഥി കെ പ്രേംകുമാറിനെതിരെ കെ പ്രേമദാസൻ പത്രിക നൽകി. തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർത്ഥി സി പി ജോണിനെതിരെ ജോൺ എസ് എന്ന അപരനും മത്സരത്തിനുണ്ട്. വോട്ടെണ്ണുമ്പോൾ അപരന്മാർ പിടിക്കുന്ന വോട്ടുകൾ പലപ്പോഴും വിജയപരാജയങ്ങളെ സ്വാധീനിക്കാറുള്ളതിനാൽ അതീവ ജാഗ്രതയിലാണ് മുന്നണി നേതൃത്വങ്ങൾ.
Dummy candidates pose challenge to prominent leaders including CM Pinarayi Vijayan













