പൊന്നാനി: 2026 കേന്ദ്ര ബജറ്റിൽ കേരളത്തിന് അതിവേഗ റെയിൽപാത പ്രഖ്യാപിച്ചില്ലെങ്കിലും കേരളത്തിൽ അതിവേഗ റെയിൽപാത തുടങ്ങുന്നതിനായുള്ള ഡിപിആർ തയ്യാറാക്കാൻ എന്നവകാശപ്പെട്ട് ഇ.ശ്രീധരൻ ഓഫീസ് തുറന്നു. പൊന്നാനിയിലാണ് സ്വന്തം നിലയ്ക്ക് ഓഫീസ് തുറന്നത്. ഭാര്യ രാധ നിലവിളക്ക് കൊളുത്തി ഓഫീസ് ഉദ്ഘാടനം ചെയ്‌തു.
റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് ഡിപിആർ തയ്യാറാക്കാൻ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ശ്രീധരന്റെ അവകാശവാദം. ഇന്നു മുതൽ തന്നെ പ്രവർത്തനം ആരംഭിക്കും. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ ആയിരിക്കും പ്രവർത്തനം. സ്റ്റേഷനുകളായി നിശ്ചയിച്ച സ്ഥലങ്ങളിൽ പരിശോധനകൾ നടത്തും. ശേഷമായിരിക്കും സർവേ നടപടികൾ. നാട്ടുകാരെ ബോധ്യപ്പെടുത്തിയാകും ഈ നടപടികൾ. തുടർന്നാകും ഭൂമി ഏറ്റെടുക്കൽ നടപടികളെന്നും ശ്രീധരൻ പറഞ്ഞു.
പദ്ധതി സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് വരുന്നതിന് കാലതാമസം എടുക്കുന്നത് കൊണ്ടാണ് തങ്ങൾ നേരത്തെ തന്നെ ഇതിനായുള്ള ഒരുക്കങ്ങൾ തുടങ്ങുന്നതെന്നാണ് ശ്രീധരന്റെ വാദം. സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് തിരുവനന്തപുരം-കണ്ണൂർ അർധ അതിവേഗ റെയിൽപ്പാതയാണ് ശ്രീധരൻ മുന്നോട്ട് വെക്കുന്നത്.
എന്നാൽ റെയിൽവേയുടെ ഭാഗത്ത് നിന്നോ മന്ത്രിയുടെ ഭാഗത്ത് നിന്നോ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല. തങ്ങൾക്ക് ഇത് സംബന്ധിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സംസ്ഥാന സർക്കാരിൻ്റെയും വാദം. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച കേന്ദ്ര ബജറ്റിൽ ഏഴ് അതിവേഗ റെയിൽവേ ഇടനാഴികളിലും കേരളം ഉൾപ്പെട്ടിരുന്നില്ല.
അതേസമയം റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ് ഇന്ന് വിളിച്ച വാർത്താസമ്മേളനത്തിൽ കേരളത്തിലെ അതിവേഗ റെയിൽപാത സംബന്ധിച്ച് വാർത്താസമ്മേളനത്തിൽ വ്യക്തത നൽകുമെന്നാണ് റിപ്പോർട്ടുകൾ.
E. Sreedharan opens office for high-speed rail even though it is not in the budget; wife Radha inaugurated by lighting the lamp












