
തിരുവനന്തപുരം: മരണത്തെ കീഴടക്കി യേശുക്രിസ്തു ഉയർത്തെഴുന്നേറ്റതിൻ്റെ ഓർമ്മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഈസ്റ്റർ ആഘോഷത്തിലേക്ക് കടന്നു. കഠിനമായ 50 ദിവസത്തെ നോമ്പാചരണത്തിന് ഒടുവിൽ, സ്നേഹത്തിൻ്റെയും അതിജീവനത്തിൻ്റെയും സന്ദേശവുമായാണ് ഈ ഉയിർപ്പ് തിരുനാൾ എത്തിയിരിക്കുന്നത്. കേരളത്തിലെ ദേവാലയങ്ങളിൽ പുലർച്ചെ മുതൽ തന്നെ പ്രത്യേക പ്രാർത്ഥനകളും ശുശ്രൂഷകളും നടന്നു.
കോട്ടയം പാമ്പാടി മാർ കുറിയാക്കോസ് ദയറായിൽ നടന്ന ശുശ്രൂഷകൾക്ക് ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നേതൃത്വം നൽകി.
തിരുവനന്തപുരം പാളയം സെൻ്റ് ജോസഫ് കത്തീഡ്രലിൽ നടന്ന ചടങ്ങുകൾക്ക് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ മുഖ്യകാർമികത്വം വഹിച്ചു. “യുദ്ധം ലോകത്തെ വേദനിപ്പിക്കുന്നുവെന്നും ഭയമില്ലാത്ത ഒരു ലോകത്തിനായി നമുക്ക് പ്രാർത്ഥിക്കാമെന്നും” അദ്ദേഹം തൻ്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.
പെരുമ്പാവൂർ നെല്ലിമോളം സെൻ്റ് മേരീസ് സെഹിയോൻ യാക്കോബായ പള്ളിയിൽ നടന്ന ശുശ്രൂഷകൾക്ക് ശ്രേഷ്ഠ കാതോലിക്കാ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ നേതൃത്വം നൽകി.
ക്രൈസ്തവ വിശ്വാസപ്രകാരം യേശുക്രിസ്തു കുരിശിലേറ്റപ്പെട്ടതിന് ശേഷം മൂന്നാം നാൾ മരണത്തെ ജയിച്ച് ഉയിർത്തെഴുന്നേറ്റതിന്റെ ഓർമ്മ പുതുക്കുന്ന ദിനമാണ് ഈസ്റ്റർ. ഇതിനെ ‘ഉയിർപ്പ് പെരുന്നാൾ’ എന്നും വിളിക്കുന്നു. ദുഃഖവെള്ളിക്ക് ശേഷം വരുന്ന ഈസ്റ്റർ, ഇരുട്ടിന് മേൽ വെളിച്ചവും മരണത്തിന് മേൽ ജീവനും വിജയം നേടിയതിനെ സൂചിപ്പിക്കുന്നു. എത്ര വലിയ കഷ്ടപ്പാടിന് ശേഷവും ഒരു ഉയിർത്തെഴുന്നേൽപ്പ് ഉണ്ടെന്ന പ്രത്യാശയാണിത് നൽകുന്നത്. പുലർച്ചെയുള്ള പ്രത്യേക പ്രാർത്ഥനകൾക്ക് ശേഷം കുടുംബങ്ങൾ ഒത്തുചേർന്ന് ഈസ്റ്റർ വിരുന്നുകൾ ഒരുക്കുന്നു. ഈസ്റ്റർ മുട്ടകൾ, ഈസ്റ്റർ ബണ്ണി എന്നിവ പാശ്ചാത്യ രാജ്യങ്ങളിൽ ഈ ആഘോഷത്തിൻ്റെ ഭാഗമാണ്.















