നയതന്ത്ര സ്വർണ്ണക്കടത്ത് കേസ് അന്വേഷിച്ച ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണന് നിർബന്ധിത വിരമിക്കൽ; നീക്കം കൈക്കൂലിയടക്കം നിരവധി ആക്ഷേപങ്ങളെത്തുടർന്ന്

തിരുവനന്തപുരം : കേരളത്തിലെ നയതന്ത്ര സ്വർണ്ണക്കടത്ത് കേസ് അന്വേഷിച്ചിരുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണന് കേന്ദ്ര സർക്കാർ നിർബന്ധിത വിരമിക്കൽ നൽകി. അഞ്ച് വർഷത്തെ സർവീസ് കാലാവധി ബാക്കി നിൽക്കെയാണ് ഇദ്ദേഹത്തെ നീക്കം ചെയ്തത്. വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്.

കൈക്കൂലി വാങ്ങൽ, റെയ്ഡ് വിവരങ്ങൾ ചോർത്തൽ, ഔദ്യോഗിക കൃത്യനിർവ്വഹണത്തിലെ വീഴ്ച തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളെത്തുടർന്നാണ് രാധാകൃഷ്ണൻ നടപടി നേരിട്ടത്. ഉദ്യോഗസ്ഥനെതിരെയുള്ള ആരോപണങ്ങൾ ശരിയാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വിമാനത്താവളം വഴിയുള്ള സ്വർ‍ണക്കടത്ത് അന്വേഷണഘട്ടത്തിൽ തന്നെ കൊച്ചി സോണൽ ഓഫീസിലെ അന്വേഷണ ഉദ്യോഗസ്ഥനായ പി രാധാകൃഷ്ണനെതിരെ ആരോപണമുയർന്നിരുന്നു. കേസിലെ സുപ്രധാന റെയ്ഡ് വിവരങ്ങൾ ചോർത്തിയെന്നായിരുന്നു ബിജെപി ആരോപണം,, അന്ന് ബിജെപി അടക്കം പരസ്യമായി ഉദ്യോഗസ്ഥനെതിരെ രംഗത്ത് വന്നിരുന്നു. പിന്നാലെ ചെന്നൈയിലേക്ക് സ്ഥലം മാറ്റുകയായിരുന്നു.

2020-ലെ സ്വർണ്ണക്കടത്ത് കേസ് അന്വേഷണത്തിന് നേതൃത്വം നൽകിയ ഇദ്ദേഹം, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ഉൾപ്പെടെയുള്ളവരുടെ അറസ്റ്റിൽ പ്രധാന പങ്കുവഹിച്ചിരുന്നു.

ധനകാര്യ മന്ത്രാലയത്തിന്റെ ശുപാർശപ്രകാരം രാഷ്ട്രപതിയാണ് വിരമിക്കൽ ഉത്തരവിൽ ഒപ്പുവെച്ചത്. സിവിൽ സർവീസ് ചട്ടം 56(ജെ) പ്രകാരമാണ് ഈ അസാധാരണ നടപടി. നിലവിൽ ജമ്മു കശ്മീരിൽ ഡെപ്യൂട്ടി ഡയറക്ടറായി ജോലി ചെയ്തു വരികയായിരുന്നു. നിർബന്ധിത വിരമിക്കൽ ആയതിനാൽ ഇദ്ദേഹത്തിന് പെൻഷൻ ആനുകൂല്യങ്ങൾ പൂർണ്ണമായും നഷ്ടപ്പെടില്ല.

ED Deputy Director P. Radhakrishnan, who investigated the diplomatic gold smuggling case, has been forced to retire

More Stories from this section

family-dental
witywide