മാസപ്പടി കേസിൽ ഇഡിയുടെ നിർണായക നീക്കം, ദുബൈയിലേക്ക് പണമയച്ചതിന്റെ റൂട്ട് തേടി അന്വേഷണം, ഹവാല ബന്ധമുള്ള അക്കൗണ്ടുകൾ കണ്ടെത്തും

മുൻ മുഖ്യമന്ത്രി പിണറായി വിജയനടക്കം പ്രതിയായ മാസപ്പടി കേസിൽ ദുബൈ ബന്ധം കണ്ടെത്താൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). മുഹമ്മദ് റിയാസിനെതിരെയുള്ള ഹവാല കേസിൽ ദുബൈയിലേക്ക് പണം അയച്ചതിന്റെ റൂട്ട് കണ്ടെത്താൻ ഇ ഡി അന്വേഷണം ശക്തമാക്കി. ഇതിന്റെ ഭാഗമായി ദുബൈയിലെ ബന്ധപ്പെട്ട അന്വേഷണ ഏജൻസികളിൽ നിന്ന് ഔദ്യോഗിക വിവരങ്ങൾ തേടാൻ ഇ.ഡി തീരുമാനിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയം വഴി ലെറ്റർ റോഗേറ്ററി കൈമാറിയോ, നിലവിലുള്ള നിയമപരമായ കരാറുകൾ പ്രകാരമോ വിവരങ്ങൾ ശേഖരിക്കാനാണ് നീക്കം. ദുബൈയിലെ ബന്ധപ്പെട്ട അക്കൗണ്ടുകൾ, അവിടത്തുനിന്ന് പണം മറ്റ് അക്കൗണ്ടുകളിലേക്ക് കൈമാറിയിട്ടുണ്ടെങ്കിൽ അതിന്റെ വിവരങ്ങൾ, അക്കൗണ്ട് ഉടമകളുടെ പശ്ചാത്തലം എന്നിവയാണ് അന്വേഷണ സംഘം പ്രധാനമായും പരിശോധിക്കുന്നത്.

സി.എം.ആർ.എൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ ഡയറിൽ നിന്ന് ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി ഹവാല കേസ് രജിസ്റ്റർ ചെയ്തത്. 2024 ജൂലൈ മുതൽ 2025 ജൂലൈ വരെയുള്ള കാലയളവിൽ വീണയും പങ്കാളിയായ മുഹമ്മദ് റിയാസും ദുബൈയിലേക്ക് അനധികൃതമായി പണം അയച്ചെന്നാണ് ഇ.ഡിയുടെ പ്രാഥമിക കണ്ടെത്തൽ. ഈ കേസിൽ മുഹമ്മദ് റിയാസാണ് ഒന്നാം പ്രതി. റിയാസ് കൈമാറിയ പണം ഹവാല ഏജന്റിന് നൽകിയെന്ന് അദ്ദേഹത്തിന്റെ സുഹൃത്ത് വാരിസ് നൽകിയ മൊഴിയാണ് കേസിൽ അന്വേഷണ സംഘത്തിനുള്ള പ്രധാന തെളിവുകളിലൊന്ന്. എന്നാൽ, ഇ.ഡി ഭീഷണിപ്പെടുത്തിയാണ് ഈ മൊഴി രേഖപ്പെടുത്തിയതെന്ന ഗുരുതര ആരോപണവുമായി വാരിസ് പിന്നീട് രംഗത്തെത്തിയിരുന്നു.

വാരിസിന്റെ മൊഴിക്ക് പുറമെ കൂടുതൽ ശാസ്ത്രീയവും ശക്തവുമായ തെളിവുകൾ നിരത്തി മുഹമ്മദ് റിയാസിനെ ചോദ്യം ചെയ്യാനാണ് ഇ.ഡിയുടെ പദ്ധതി. ദുബൈയിൽ നിന്നുള്ള വിവരങ്ങൾ പൂർണ്ണമായി ലഭിച്ചതിന് ശേഷമായിരിക്കും മുഹമ്മദ് റിയാസിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ് അയക്കുക. വിദേശ ഇടപാടുകൾ സംബന്ധിച്ച വ്യക്തമായ രേഖകൾ ലഭിച്ചാൽ കേസിൽ തുടർനടപടികൾ വേഗത്തിലാക്കാൻ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

ED Seeks Details on Hawala Money Transfer to Dubai in Pinarayi Vijayan’s Family Linked Case Involving Mohammed Riyas

Also Read

More Stories from this section

family-dental
witywide