
കോട്ടയം: ക്രിസ്തീയ സഭ നേതൃത്വവും പി സി ജോർജുമായും ഷോൺ ജോർജുമായുമുള്ള തർക്കങ്ങൾ പരിഹരിക്കാൻ നീക്കം. ഇതിന്റെ ഭാഗമായി ബി ജെ പി സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം ഷോൺ ജോർജ് സിറോ മലബാർ സഭ ആസ്ഥാനത്തെത്തി മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലുമായി കൂടിക്കാഴ്ച നടത്തി. 45 മിനിറ്റോളം നീണ്ട ചർച്ചയിൽ സഭയുമായുള്ള എല്ലാ തെറ്റിദ്ധാരണകളും നീക്കിയെന്നും നിലവിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും ഷോൺ ജോർജ് അഭിപ്രായപ്പെട്ടു. സഭയുടെ ആകുലതകൾ കേന്ദ്ര സർക്കാരിനെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. എഫ് ആർ സി എ ഭേദഗതിയുമായി ബന്ധപ്പെട്ട ആകുലത ചർച്ചയായെന്നും കിരൺ റിജിജുവുമായുള്ള ക്രൈസ്തവ സംഘടനകളുടെ ചർച്ചയിൽ സിറോ മലബർ സഭയിൽ നിന്നും പ്രതിനിധികൾ ഉണ്ടാകുമെന്നും ഷോൺ കൂട്ടിച്ചേർത്തു.
നേരത്തെ സഭ നേതൃത്വങ്ങൾക്കെതിരെ വിമർശനം ഉന്നയിച്ച പി സി ജോർജിനും ഷോൺ ജോർജിനും പരോക്ഷ മറുപടിയുമായി പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് രംഗത്തെത്തിയതോടെയാണ് തർക്കം പരിഹരിക്കാൻ ബി ജെ പി നേതൃത്വം ഇടപെട്ടത്. സഭകൾക്കും മെത്രാൻമാർക്കും നേരെയുള്ള ഭീഷണിയുടെ സ്വരം വിലപ്പോകില്ലെന്നായിരുന്നു ജോസഫ് കല്ലറങ്ങാട്ടിന്‍റെ മുന്നറിയിപ്പ്.
Efforts to resolve standoff between Church and George family; Shaun George holds talks with Major Archbishop












