
മുട്ടയെക്കുറിച്ച് നീണ്ട കാലമായി വിവിധ അഭിപ്രായങ്ങളും ആശയക്കുഴപ്പങ്ങളുണ്ട്. പ്രോട്ടീന്റെ നല്ല ഉറവിടമെന്ന നിലയിൽ ഒരുവിഭാഗം മുട്ടയെ കാണുമ്പോൾ മുട്ടയിലെ മഞ്ഞയെ കൊളസ്‌ട്രോൾ കൂടാനുള്ള മുഖ്യ ഉറവിടമായാണ് ചിലർ കാണുന്നത്. എന്നാൽ ഇതവരെ ആശങ്കപ്പെടുത്തുന്നുമുണ്ട്. എന്നാൽ ഉയർന്ന കൊളസ്‌ട്രോൾ ഉള്ളവർക്ക് മുട്ട പൂർണമായി ഒഴിവാക്കേണ്ടതില്ലെന്നാണ് പുതിയ പഠനങ്ങളും വിദഗ്ധാഭിപ്രായങ്ങളും വ്യക്തമാക്കുന്നത്.
ഡോക്ടർ സുധീർ കുമാറിന്റെയും ഹാർവാർഡ് ഹെൽത്തിന്റെ റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിൽ, ഭൂരിഭാഗം ആളുകൾക്കും ദിവസം ഒരു മുട്ട വരെ പൊതുവെ സുരക്ഷിതമാണ്. ദിവസേന ഒരു മുട്ട കഴിക്കുന്നവരിൽ ഹൃദയാഘാതം അല്ലെങ്കിൽ സ്‌ട്രോക്ക് ഉണ്ടാകാനുള്ള സാധ്യതയുണ്ട് എന്നു പറയുന്ന തെളിവുകൾ ഒന്നുംതന്നെ പഠനങ്ങളിൽ കണ്ടെത്തിയിട്ടില്ല.
ശരീരത്തിലെ കൊളസ്‌ട്രോളിന്റെ വലിയൊരു ഭാഗവും കരളാണ് നിർമ്മിക്കുന്നത്. ഇത് വർധിപ്പിക്കുന്നത് മുട്ടയിലെ കൊളസ്‌ട്രോളല്ല, മറിച്ച് സാചുറേറ്റഡ് ഫാറ്റും ട്രാൻസ് ഫാറ്റുമാണ്. ഒരു മുട്ടയിൽ സാചുറേറ്റഡ് ഫാറ്റ് വളരെ കുറവാണ്. വെണ്ണ, ചീസ്, ബേക്കൺ തുടങ്ങിയവയുമായി താരതമ്യം ചെയ്യുമ്പോൾ മുട്ടയിലെ സാചുറേറ്റഡ് ഫാറ്റ് വളരെ താഴ്ന്ന അളവാണ്.
മുട്ട എങ്ങനെ പാചകം ചെയ്യുന്നു, എന്തിനൊപ്പം കഴിക്കുന്നു എന്നതും ആരോഗ്യത്തെ ബാധിക്കുന്ന വിഷയമാണ്. വേവിച്ച മുട്ട, പോച്ച്ഡ് മുട്ട, കുറച്ച് എണ്ണയിൽ തയ്യാറാക്കുന്ന ഓംലെറ്റ് എന്നിവയാണ് ഉത്തമം. വെണ്ണയിലോ ചീസിലോ വറുത്ത മുട്ട, ആഴത്തിൽ വറുത്ത വിഭവങ്ങൾ എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്. മുട്ടയെ ഒട്സ്, പച്ചക്കറികൾ, സലാഡ് എന്നിവയോടൊപ്പം കഴിക്കുന്നത് കൊളസ്‌ട്രോൾ ആഗിരണം കുറയ്ക്കാൻ സഹായിക്കും. മറിച്ച് ബേക്കൺ, സോസേജ്, വെളുത്ത ബ്രെഡ്, പേസ്ട്രികൾ തുടങ്ങിയവ മുട്ടയ്‌ക്കൊപ്പം പതിവായി കഴിക്കുന്നത് LDL കൊളസ്‌ട്രോൾ വേഗത്തിൽ ഉയർത്തും.
എന്നാൽ, എല്ലാവർക്കും ഒരേ മാർഗനിർദേശം ബാധകമല്ല. ചിലർക്കു കൂടുതൽ നിയന്ത്രണം ആവശ്യമാണ്. കുടുംബപരമായ ഉയർന്ന കൊളസ്‌ട്രോൾ, LDL വളരെ ഉയർന്ന നിലയിൽ ഉള്ളവർ, ഹൃദ്രോഗമുള്ളവർ, പ്രമേഹത്തോടൊപ്പം നിയന്ത്രിക്കാത്ത കൊളസ്‌ട്രോൾ ഉള്ളവർ എന്നിവർക്ക് മുട്ടയുടെ ഉപയോഗം പരിമിതപ്പെടുത്തേണ്ടിവരും. സാധാരണയായി ആഴ്ചയിൽ മൂന്ന് മുതൽ നാല് മുട്ട വരെ മാത്രമാണ് ഇവർക്ക് ശുപാർശ ചെയ്യുന്നത്.
വിദഗ്ധർ പറയുന്നത്, മുട്ടയുടെ വെള്ളയിൽ കൊളസ്‌ട്രോൾ ഇല്ലാത്തതിനാൽ അത് കൂടുതൽ ഉപയോഗിക്കാമെന്നാണ്. മുട്ട വേവിച്ചോ കുറച്ച് എണ്ണയിൽ തയ്യാറാക്കിയോ കഴിക്കുന്നത് വലിയ വ്യത്യാസം ഉണ്ടാക്കും. 2020ൽ പ്രസിദ്ധീകരിച്ച പഠനങ്ങൾ പ്രകാരം, ദീർഘകാലം വളരെ കൂടുതൽ മുട്ട കഴിച്ചാൽ LDL അല്പം ഉയരാൻ സാധ്യതയുണ്ട്. അതിനാൽ മിതമായ ഉപയോഗമാണ് ഹൃദയാരോഗ്യം സംരക്ഷിക്കുന്ന ഏറ്റവും നല്ല മാർഗം. എണ്ണയും കൊഴുപ്പും കൂടുതലുള്ള ഭക്ഷണങ്ങളോടൊപ്പം മുട്ട പതിവായി കഴിക്കുന്ന ജീവിതശൈലിയാണ് കൊളസ്‌ട്രോൾ വർധിപ്പിക്കുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ആരോഗ്യകരമായ ചില നിർദേശങ്ങൾ
* വെണ്ണ ഒഴിവാക്കി കുറച്ച് എണ്ണയിൽ മുട്ട പാചകം ചെയ്യുക
* രണ്ട് മുട്ട വെള്ള + ഒരു മുട്ടമഞ്ഞ എന്ന രീതിയിൽ ഉപയോഗിക്കുക
* ഭക്ഷണത്തിൽ ഫൈബർ കൂടുതലുള്ള പച്ചക്കറികളും ധാന്യങ്ങളും ഉൾപ്പെടുത്തുക
* ബേക്കൺ, സോസേജ്, ചീസ്, റിഫൈൻഡ് കാർബുകൾ എന്നിവ മുട്ടയ്‌ക്കൊപ്പം പതിവാക്കരുത്
ഇത്തരത്തിലുള്ള ചെറിയ മാറ്റങ്ങൾ കൊണ്ടുതന്നെ മുട്ടയിലെ പോഷകഗുണങ്ങൾ ലഭിക്കുകയും, കൊളസ്‌ട്രോൾ അപകടകരമായ നിലയിലേക്ക് ഉയരാതിരിക്കുകയും ചെയ്യും.















