
തിരുവനന്തപുരം: മലപ്പുറം പരപ്പനങ്ങാടിയിൽ മാസപ്പിറവി കണ്ടതോടെ സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. മാസപ്പിറവി സ്ഥിരീകരിച്ചതിനെത്തുടർന്ന് വിവിധ ഖാസിമാർ ഈദ് പ്രഖ്യാപിക്കുകയായിരുന്നു. റമദാൻ മാസത്തെ വ്രതശുദ്ധിക്ക് ശേഷം വിശ്വാസികൾ ഇന്ന് ഈദ്ഗാഹുകളിലും പള്ളികളിലും ഒത്തുചേർന്നു. ക്ഷമ, സഹനം, കാരുണ്യം, തുടങ്ങിയ മൂല്യങ്ങളുടെ കൂടിച്ചേരല്‍ കൂടിയായ വ്രതാനുഷ്ടാന ദിനങ്ങള്‍ പിന്നിട്ടാണ് വിശ്വാസികള്‍ ചെറിയ പെരുന്നാളിന്‍റെ ആഘോഷങ്ങളിലേക്ക് കടക്കുന്നത്.
തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ഈദ് നമസ്കാരത്തിന് പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി നേതൃത്വം നൽകി. നൂറുകണക്കിന് വിശ്വാസികളാണ് ഇവിടെ നടന്ന നമസ്കാരത്തിൽ പങ്കെടുത്തത്. “ലോകത്ത് ഇസ്‌ലാമോഫോബിയ ശക്തിപ്പെടുമ്പോൾ വെറുപ്പിനെ സ്നേഹം കൊണ്ട് പ്രതിരോധിക്കണം” എന്നും “ലോകം യുദ്ധവിരാമം ആഗ്രഹിക്കുന്നു” എന്നും അദ്ദേഹം ഈദ് സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.
മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ നടന്ന സംയുക്ത ഈദ് ഗാഹിൽ ശിഹാബ് പൂക്കോട്ടൂർ പെരുന്നാൾ സന്ദേശം നൽകി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈദ്ഗാഹുകൾ സംഘടിപ്പിച്ചിരുന്നു. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പങ്കുവെച്ചാണ് വിശ്വാസികൾ ഈ വർഷത്തെ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്.
Eid Celebration















