
സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി കടപ്പുറത്ത് മാസപ്പിറവി ദൃശ്യമായതോടെയാണ് 29 ദിവസം നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തിന് സമാപ്തി കുറിച്ച് ഈദുൽ ഫിത്തർ പ്രഖ്യാപിച്ചത്. പരപ്പനങ്ങാടിക്ക് പുറമെ ചെട്ടിപ്പടിയിലും മറ്റ് വിവിധ ഇടങ്ങളിലും മാസപ്പിറവി കണ്ടതായി വിശ്വാസ കേന്ദ്രങ്ങളിൽ നിന്ന് വിവരം ലഭിച്ചെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ അറിയിച്ചു. മാസപ്പിറവി ദൃശ്യമായതോടെ വിവിധ ഖാസിമാരും പെരുന്നാൾ സ്ഥിരീകരിച്ചു.
പാളയം ഇമാം വി.പി. സുഹൈബ് മൗലവിയും നാളെ ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മാസപ്പിറവി കണ്ട വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ വിവിധ മഹല്ലുകളിൽ പെരുന്നാൾ നമസ്കാരത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഇസ്ലാം മതവിശ്വാസികൾക്ക് നാളെ ആഹ്ലാദത്തിന്റേയും സാഹോദര്യത്തിന്റേയും ദിനമാണ്. ഗവർണറും മുഖ്യമന്ത്രിയും ഉൾപ്പെടെയുള്ള പ്രമുഖർ വിശ്വാസികൾക്ക് പെരുന്നാൾ ആശംസകൾ നേർന്നു.
Eid-ul-Fitr in Kerala Tomorrow; Moon Sighted at Parappanangadi












