സ്വതന്ത്രർക്കെല്ലാം ചിഹ്നം അനുവദിച്ചു, സുധാകരന് തെങ്ങിൻ തോപ്പ്, ജലിലിന് ലോറി, അൻവറിന് സിലിണ്ടർ, റസാഖിന് മോതിരം; രമയ്ക്കും ശശീന്ദ്രനും പുതിയ ചിഹ്നങ്ങൾ

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ സ്ഥാനാർത്ഥി പട്ടികയായതോടെ തിരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നങ്ങൾ അനുവദിച്ചു. പ്രമുഖ സ്ഥാനാർത്ഥികളിൽ പലർക്കും ഇത്തവണ തങ്ങളുടെ പരിചിതമായ ചിഹ്നങ്ങൾ നഷ്ടമായത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. വടകരയിലെ ആർ.എം.പി. സ്ഥാനാർത്ഥി കെ.കെ. രമയ്ക്ക് മുൻപ് മത്സരിച്ചിരുന്ന ‘ഫുട്ബോൾ’ ചിഹ്നം ഇത്തവണ ലഭിച്ചില്ല; പകരം ‘ടെലിവിഷൻ’ ആണ് അനുവദിച്ചത്. ഫുട്ബോൾ ചിഹ്നത്തിൽ പ്രചാരണ സാമഗ്രികൾ നേരത്തെ തയ്യാറാക്കിയിരുന്നതിനാൽ ആർ.എം.പി. കമ്മീഷന്റെ തീരുമാനത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.

മന്ത്രി എ.കെ. ശശീന്ദ്രനും ഇത്തവണ തന്റെ സ്ഥിരം ചിഹ്നമായ ‘ക്ലോക്ക്’ നഷ്ടമായി. എൻ.സി.പി.യിലെ ഔദ്യോഗിക പക്ഷമായി അജിത് പവാർ വിഭാഗത്തെ കമ്മീഷൻ അംഗീകരിച്ചതോടെയാണ് ക്ലോക്ക് ചിഹ്നം അജിത് പവാർ പക്ഷത്തെ സ്ഥാനാർത്ഥിയായ പി.കെ. ശശീന്ദ്രന് ലഭിച്ചത്. എ.കെ. ശശീന്ദ്രന് ‘കാഹളം മുഴക്കുന്ന മനുഷ്യൻ’ ആണ് പുതിയ ചിഹ്നം. ബേപ്പൂരിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി പി.വി. അൻവറിന് ‘ഗ്യാസ് സിലിണ്ടർ’ ചിഹ്നമായി അനുവദിച്ചു. തൃണമൂൽ കോൺഗ്രസ് ടിക്കറ്റിലാണ് മത്സരിക്കുന്നതെങ്കിലും പാർട്ടിയുടെ ഔദ്യോഗിക ചിഹ്നം അൻവറിന് ലഭിച്ചില്ല.

മറ്റ് പ്രമുഖ സ്വതന്ത്ര സ്ഥാനാർത്ഥികൾക്കും ചിഹ്നങ്ങൾ ലഭിച്ചു കഴിഞ്ഞു. അമ്പലപ്പുഴയിലെ ജി. സുധാകരന് ‘തെങ്ങിൻ തോപ്പ്’ ആണ് ചിഹ്നം. തിരുവനന്തപുരത്തെ സി.എം.പി. സ്ഥാനാർത്ഥി സി.പി. ജോണിന് ‘കപ്പൽ’ ചിഹ്നവും, എൽ.ഡി.എഫ്. സ്വതന്ത്രൻ സുധീർ കരമനയ്ക്ക് ‘ക്യാമറ’യും അനുവദിച്ചു. പാലക്കാട്ടെ എൽ.ഡി.എഫ്. സ്വതന്ത്രൻ എൻ.എം.ആർ. റസാഖിന് ‘മോതിരം’ ചിഹ്നമാണ് ലഭിച്ചത്. കെ ടി ജലീലിന് ലോറി ആണ് ചിഹ്നം. പുതിയ ചിഹ്നങ്ങൾ ലഭിച്ചതോടെ വോട്ടർമാരിലേക്ക് ഇത് എത്തിക്കാനുള്ള തിരക്കിലാണ് സ്ഥാനാർത്ഥികളും പ്രവർത്തകരും.

Election Commission allots symbols: New symbols for K.K. Rema and A.K. Saseendran

More Stories from this section

family-dental
witywide