തമിഴ്‌നാട് ചീഫ് സെക്രട്ടറി എൻ. മുരുഗാനന്ദത്തെ സ്ഥാനത്തുനിന്ന് നീക്കി തിരഞ്ഞെടുപ്പ് കമ്മീഷന്റെ അപ്രതീക്ഷിത നടപടി. മുരുഗാനന്ദത്തിന് പകരം എം. സായ്‌കുമാറിനെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ചീഫ് സെക്രട്ടറിയെ കൂടാതെ വിജിലൻസ് മേധാവിയെയും കമ്മീഷൻ മാറ്റിയിട്ടുണ്ട്. ഭരണകക്ഷിയായ ഡിഎംകെയോട് ചീഫ് സെക്രട്ടറി അനുകൂല നിലപാട് സ്വീകരിക്കുന്നു എന്ന പരാതിയിലാണ് നടപടിയെന്നാണ് സൂചന. ഉത്തരവ് വൈകുന്നേരം ആറ് മണിക്ക് മുൻപ് നടപ്പിലാക്കി റിപ്പോർട്ട് നൽകാൻ കമ്മീഷൻ ചീഫ് ഇലക്ടറൽ ഓഫീസർക്ക് കർശന നിർദ്ദേശം നൽകി. എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ സെക്രട്ടറിയായിരുന്ന ഉദ്യോഗസ്ഥനെയാണ് പുതിയ ചുമതല ഏൽപ്പിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ ചട്ടുകമായി മാറിയെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആരോപിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഉദ്യോഗസ്ഥരെ മാറ്റാത്ത കമ്മീഷൻ തമിഴ്‌നാട്ടിൽ മാത്രം ഇത്തരമൊരു നീക്കം നടത്തിയത് രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു. നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട ഭരണഘടനാ സ്ഥാപനങ്ങളെ ബിജെപി ആയുധമാക്കുകയാണ്. ഇതിനുള്ള തക്കതായ മറുപടി തമിഴ് ജനത വോട്ടിലൂടെ നൽകുമെന്നും സ്റ്റാലിൻ വ്യക്തമാക്കി. വോട്ടെടുപ്പിന് തൊട്ടുമുമ്പുള്ള ഈ ഉദ്യോഗസ്ഥ മാറ്റം തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.
Election Commission Ousts Tamil Nadu Chief Secretary; CM Stalin Terms It a Political Move by BJP











