വോട്ടിന് നോട്ട് ആരോപണം കത്തുന്നു, ശോഭാ സുരേന്ദ്രന്‍റെ മൊഴിയെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ; ആർഡിഒ ഓഫീസിലെത്തി മൊഴി നൽകി

പാലക്കാട്: വോട്ടിന് നോട്ട് ആരോപണത്തിൽ പാലക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്‍റെ മൊഴിയെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ. ബിജെപിക്ക് വോട്ട് ചെയ്യാൻ പാലക്കാട് കണ്ണാടി പഞ്ചായത്തിലെ വോട്ടറായ വയോധികയ്ക്ക് പണം നൽകിയെന്നാണ് പരാതി. ആർഡിഒ ഓഫീസിലെത്തിയാണ് ശോഭാ സുരേന്ദ്രൻ മൊഴി നൽകിയത്.
വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് പാലക്കാട് ബിജെപിയെ പ്രതിരോധത്തിലാക്കി വോട്ടിന് നോട്ട് ആരോപണം ഉയർന്നത്.

ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ പണം നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ച ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിടുകയായിരുന്നു. കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിലാണ് ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകർ എത്തിയത്. ദേവു എന്ന വയോധികയ്ക്ക് ശോഭയോടൊപ്പം എത്തിയ യുവതി പണം കൈമാറിയതാണെന്ന് കോൺഗ്രസ് ആരോപിച്ചു. പണം കിട്ടിയതായി ആദ്യം സ്ഥിരീകരിച്ച വയോധിക പിന്നീട് അത് തിരുത്തുകയും ചെയ്തു. ദൃശ്യങ്ങൾ ചിത്രീകരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ശോഭയും കൂട്ടരും അപകടം തിരിച്ചറിഞ്ഞ് കോൺഗ്രസ് പ്രവർത്തകരോട് ക്ഷോഭിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് പാലക്കാട് ജില്ലാ കളക്ടർ പ്രാഥമിക റിപ്പോർട്ട് നൽകി.

പലയിടത്തും ബിജെപി വ്യാപകമായി പണം വിതരണം ചെയ്തെന്നാണ് കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ആരോപണം. കണ്ണാടി പഞ്ചായത്തിൽ പണമാണെങ്കിൽ, പിരായിരിയിൽ വോട്ടർമാർക്ക് സാരി നൽകി ബിജെപി വോട്ട് പിടിച്ചെന്നാണ് ആരോപണം. എന്നാൽ ആരോപണങ്ങൾ പൂർണമായി തള്ളി ശോഭാ സുരേന്ദ്രൻ രംഗത്തെത്തി. കോൺഗ്രസ് പറഞ്ഞുവിട്ട വനിതയാണ് പണം നൽകിയതെന്നായിരുന്നു ശോഭയുടെ വാദം. കാറിലിരുന്നവർ തനിക്ക് നേരെ ലൈംഗിക ചേഷ്ടകൾ കാണിച്ചെന്ന് ശോഭ ആരോപിച്ചു. എന്നാൽ ശോഭ പറഞ്ഞത് തെറ്റാണെന്ന് തെളിയിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ടു. പണം നൽകിയ സ്ത്രീ ശോഭയോടൊപ്പം വിവിധ ഇടങ്ങളിൽ പ്രചാരണത്തിൽ പങ്കെടുക്കുന്നതും പ്രധാനമന്ത്രിയുടെ പാലക്കാട്ടെ പരിപാടിയുടെ ഭാഗമായതും ദൃശ്യങ്ങളിലുണ്ട്.

More Stories from this section

family-dental
witywide