
കേരളം ഉൾപ്പെടെയുള്ള നാല് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പ്രഖ്യാപിച്ചു. കേരളം, അസം, പുതുച്ചേരി എന്നിവിടങ്ങളിൽ ഏപ്രിൽ 9-ന് ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കും. തമിഴ്‌നാട്ടിൽ ഏപ്രിൽ 23-നാണ് പോളിംഗ് നിശ്ചയിച്ചിരിക്കുന്നത്. പശ്ചിമ ബംഗാളിൽ രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്; ആദ്യ ഘട്ടം ഏപ്രിൽ 23-നും രണ്ടാം ഘട്ടം ഏപ്രിൽ 29-നും നടക്കും. എല്ലാ സംസ്ഥാനങ്ങളിലെയും വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് 4-നായിരിക്കും.
തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. കേരളത്തിൽ നിലവിൽ 2.70 കോടി വോട്ടർമാരാണുള്ളത്. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇനിയും അവസരമുണ്ടെന്ന് കമ്മീഷൻ വ്യക്തമാക്കി. കേരളത്തിൽ എൽഡിഎഫ് മൂന്നാം തുടർഭരണം ലക്ഷ്യമിടുമ്പോൾ, അധികാരം തിരിച്ചുപിടിക്കാനുള്ള കഠിനശ്രമത്തിലാണ് യുഡിഎഫ്. തമിഴ്‌നാട്ടിൽ എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ ഡിഎംകെ തുടർഭരണം മോഹിക്കുമ്പോൾ, എടപ്പാടി പളനിസ്വാമിയുടെ എഐഎഡിഎംകെയും നടൻ വിജയ് നയിക്കുന്ന ടിവികെയും ശക്തമായ വെല്ലുവിളിയുമായി രംഗത്തുണ്ട്.
പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് നാലാം തവണയും അധികാരം നിലനിർത്താൻ പോരാടുമ്പോൾ ബിജെപി വലിയ പ്രതീക്ഷയിലാണ്. സി പി എമ്മും കോൺഗ്രസും ബംഗാളിൽ ശക്തമായ തിരിച്ചുവരവ് ലക്ഷ്യമിടുന്നു. അസമിൽ ബിജെപി ഭരണം നിലനിർത്താൻ ശ്രമിക്കുമ്പോൾ കോൺഗ്രസ് അധികാരം തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിലാണ്. വരും ദിവസങ്ങളിൽ ഈ സംസ്ഥാനങ്ങളെല്ലാം വാശിയേറിയ രാഷ്ട്രീയ പ്രചാരണങ്ങൾക്കും മത്സരങ്ങൾക്കും സാക്ഷ്യം വഹിക്കും.













