തിരഞ്ഞെടുപ്പ് ചൂടൊഴിയുന്നു; ഇന്ന് വൈകിട്ട് 6 മുതൽ നിശബ്ദ പ്രചാരണം: കർശന നിയന്ത്രണങ്ങളുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെടുപ്പിന് മുന്നോടിയായുള്ള പരസ്യ പ്രചാരണം ഇന്ന് വൈകിട്ട് ആറ് മണിക്ക് അവസാനിക്കും. സ്വതന്ത്രവും നീതിപൂർവവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനായി വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് പാലിക്കേണ്ട ‘നിശബ്ദ കാലയളവ്’ (Silence Period) സംബന്ധിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

1951-ലെ ജനപ്രാതിനിധ്യ നിയമം സെക്ഷൻ 126 പ്രകാരം, വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് പൊതുയോഗങ്ങൾ സംഘടിപ്പിക്കാനോ പങ്കെടുക്കാനോ പാടില്ല. ജാഥകൾ, ഘോഷയാത്രകൾ, സംഗീത പരിപാടികൾ, നാടകങ്ങൾ തുടങ്ങി വോട്ടർമാരെ സ്വാധീനിക്കുന്ന വിനോദ പരിപാടികൾക്കും നിരോധനമുണ്ട്.

ടെലിവിഷൻ, സിനിമ, റേഡിയോ തുടങ്ങിയ സമാന ഉപകരണങ്ങൾ വഴി തിരഞ്ഞെടുപ്പ് സംബന്ധമായ കാര്യങ്ങൾ പ്രദർശിപ്പിക്കുന്നത് കർശനമായി വിലക്കി. വോട്ടെടുപ്പ് ദിവസവും തലേദിവസവും പത്രങ്ങളിൽ രാഷ്ട്രീയ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ (MCMC) മുൻകൂർ അനുമതി നിർബന്ധമാണ്.

മണ്ഡലത്തിലെ വോട്ടർമാരല്ലാത്ത രാഷ്ട്രീയ പ്രവർത്തകരും പാർട്ടി ഭാരവാഹികളും പ്രചാരണ സമയം അവസാനിച്ചാലുടൻ മണ്ഡലത്തിൽ നിന്ന് പുറത്തുപോകേണ്ടതാണ്.
വോട്ടർമാർക്ക് ഭയരഹിതമായി വോട്ട് രേഖപ്പെടുത്തുന്ന സാഹചര്യം ഉറപ്പാക്കുകയാണ് ഈ നിയന്ത്രണങ്ങളുടെ ലക്ഷ്യം. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയ്ക്കായി എല്ലാ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും പൊതുജനങ്ങളും നിർദ്ദേശങ്ങളോട് സഹകരിക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അഭ്യർത്ഥിച്ചു.

Election; Silent campaigning from 6 pm today: Chief Electoral Officer with strict restrictions

More Stories from this section

family-dental
witywide