
വാഷിംഗ്ടൺ: ഇലോൺ മസ്‌കിൻ്റെ ഉടമസ്ഥതയിലുള്ള ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്‌പേസ് എക്സ്,അദ്ദേഹത്തിൻ്റെ തന്നെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കമ്പനിയായ xAI-യെ ഏറ്റെടുക്കുന്നു. 1.25 ട്രില്യൺ ഡോളർ മൂല്യമുള്ള ലോകത്തിലെ ഏറ്റവും വലിയ ലയനങ്ങളിലൊന്നായാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്.
ബഹിരാകാശ സാങ്കേതികവിദ്യയെയും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനെയും ഒന്നിപ്പിക്കുക എന്നതാണ് ഈ നീക്കത്തിൻ്റെ പ്രധാന ലക്ഷ്യം. ഇതിലൂടെ ബഹിരാകാശത്ത് ഭീമാകാരമായ എഐ ഡാറ്റാ സെൻ്ററുകൾ സ്ഥാപിക്കാൻ മസ്‌ക് പദ്ധതിയിടുന്നു. ലയനത്തോടെ സ്‌പേസ് എക്‌സിൻ്റ റോക്കറ്റ് സാങ്കേതികവിദ്യ, സ്റ്റാർലിങ്ക് ഉപഗ്രഹ ശൃംഖല, xAI-യുടെ ഗ്രോക് (Grok) ചാറ്റ്‌ബോട്ട്, മസ്‌കിൻ്റ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സ് എന്നിവയെല്ലാം ഒരൊറ്റ കുടക്കീഴിൽ വരും എന്ന നേട്ടവുമുണ്ട്.
ഈ വർഷാവസാനം നടക്കാൻ പോകുന്ന സ്‌പേസ് എക്‌സിൻ്റ ഐപിഒ മുന്നിൽ കണ്ടാണ് ഈ നീക്കം. ലയിപ്പിക്കപ്പെട്ട പുതിയ കമ്പനിയുടെ മൂല്യം ഏകദേശം 1.5 ട്രില്യൺ ഡോളർ വരെയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
xAI ഓഹരികൾക്ക് പകരമായി സ്‌പേസ് എക്‌സ് ഓഹരികൾ നൽകുന്ന ‘ഷെയർ സ്വാപ്പ്’ രീതിയിലൂടെയാണ് ലയനം നടക്കുകയെന്നും റിപ്പോർട്ടുണ്ട്. സോളാർ എനർജി സുലഭമായ ബഹിരാകാശത്ത് സൂപ്പർ കമ്പ്യൂട്ടറുകൾ പ്രവർത്തിപ്പിക്കുന്നത് ചെലവ് കുറയ്ക്കാൻ സഹായിക്കുമെന്ന് മസ്‌ക് കരുതുന്നു. ചൊവ്വയിൽ കോളനികൾ സ്ഥാപിക്കുക എന്ന മസ്‌കിൻ്റ ദീർഘകാല ലക്ഷ്യത്തിന് ഈ സാങ്കേതിക വിദ്യകൾ കരുത്ത് പകരും. മാത്രമല്ല, ഈ ലയനത്തിലൂടെ ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഓപ്പൺ എഐ തുടങ്ങിയ വമ്പൻമാരുമായുള്ള മത്സരത്തിൽ വലിയൊരു മുന്നേറ്റമാണ് മസ്‌ക് ലക്ഷ്യമിടുന്നത്.
Elon Musk to merge SpaceX with xAI, one of the world’s largest mergers worth $1.25 trillion













