ദാവോസിലെത്തിയ മാക്രോൺ ഈ കണ്ണട വെറുതെ വെച്ചതല്ല; കണ്ണിനുണ്ട് ചെറിയൊരു പ്രശ്നം

ന്യൂഡൽഹി: സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ എത്തിയതുമുതൽ അദ്ദേഹം ശ്രദ്ധാ കേന്ദ്രമായി മാറി. അതു പക്ഷേ, ഇദ്ദേഹം അയച്ച സ്വകാര്യ സന്ദേശം യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പുറത്താക്കിയതുകൊണ്ടല്ല, മറിച്ച് മാക്രോണിൻ്റെ ലുക്കായിരുന്നു കാരണം.

മാക്രോൺ സൺഗ്ലാസ് ധരിച്ചായിരുന്നു ഉച്ചകോടിക്ക് എത്തിയത്. അദ്ദേഹത്തിന്റെ കണ്ണിലുണ്ടായ ഒരു ചെറിയ പരിക്കിനെ തുടർന്നായിരുന്നു ഇത്. മാക്രോണിൻ്റെ വലതു കണ്ണിലെ ഒരു രക്തക്കുഴൽ പൊട്ടിയത് മൂലം അദ്ദേഹത്തിൻ്റെ കണ്ണ് ചുവന്ന് വീർത്തിരുന്നു. ഈ അവസ്ഥ പുറത്തു കാണാതിരിക്കാനാണ് അദ്ദേഹം സൺഗ്ലാസ് ഉപയോഗിച്ചത്.

കണ്ണിലെ പ്രശ്നം നിസ്സാരമാണെന്നും കണ്ണിൻ്റെ ഈ അവസ്ഥ കാണുന്നവർക്ക് അസ്വസ്ഥത ഉണ്ടാക്കാതിരിക്കാനാണ് താൻ കണ്ണട ധരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. കണ്ണിന്റെ ഈ അവസ്ഥയെ ‘ഐ ഓഫ് ദി ടൈഗർ’ (Eye of the Tiger) എന്ന് തമാശയായി അദ്ദേഹം വിശേഷിപ്പിക്കുകയും ചെയ്തു.

മാക്രോണിൻ്റെ ഈ ആരോഗ്യപ്രശ്നം താൽക്കാലികവും കാഴ്ചയെ ബാധിക്കാത്തതുമാണെന്ന് എലീസ് കൊട്ടാരം സ്ഥിരീകരിച്ചിട്ടുണ്ട്. ലൂയി വിറ്റൺ ബ്രാൻഡിന്റെ ‘ആറ്റിറ്റ്യൂഡ് പൈലറ്റ്’ എന്ന മോഡൽ സൺഗ്ലാസാണ് അദ്ദേഹം ധരിച്ചിരുന്നത്.

 ജനുവരി 19 മുതൽ 23 വരെയാണ് 56-ാമത് വാർഷിക ഉച്ചകോടി നടക്കുന്നത്. ആഗോള സാമ്പത്തിക വളർച്ച, കാലാവസ്ഥാ വ്യതിയാനം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) വികാസം, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ എന്നിവയാണ് പ്രധാനമായും ചർച്ച ചെയ്യപ്പെടുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 60-ലധികം രാഷ്ട്രത്തലവന്മാരും അയ്യായിരത്തോളം ബിസിനസ്സ് പ്രമുഖരും സന്നദ്ധ സംഘടനാ പ്രതിനിധികളും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, ശിവരാജ് സിംഗ് ചൗഹാൻ, പ്രഹ്ലാദ് ജോഷി, കെ. രാംമോഹൻ നായിഡു എന്നിവർ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നു.

നൂറിലധികം പ്രമുഖ ഇന്ത്യൻ കമ്പനികളുടെ സി.ഇ.ഒമാരും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധി സംഘങ്ങളും നിക്ഷേപം ആകർഷിക്കുന്നതിനായി ഉച്ചകോടിയിൽ എത്തിയിട്ടുണ്ട്. കേരളത്തിൽ നിന്നുx വ്യവസായ വകുപ്പ് മന്ത്രി പി രാജീവിൻ്റെ നേതൃത്വത്തിലുള്ള സംഘവും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.

Emmanuel Macron wearing sunglasses indoors at Davos, here is the reason.

Also Read

More Stories from this section

family-dental
witywide