13 വർഷത്തെ വേദനയ്ക്ക് അന്ത്യം; ഹരീഷ് റാണയുടെ ദയാവധത്തിന് സുപ്രീം കോടതിയുടെ ചരിത്രപരമായ അനുമതി

ന്യൂഡൽഹി: 13 വർഷമായി അബോധാവസ്ഥയിൽ കഴിയുന്ന 32-കാരനായ ഹരീഷ് റാണയ്ക്ക് അന്തസ്സോടെ മരിക്കാൻ (Passive Euthanasia) അനുമതി നൽകി സുപ്രീം കോടതി. 2018-ൽ സുപ്രീം കോടതി ദയാവധം നിയമവിധേയമാക്കിയ ശേഷം, ഒരു പ്രത്യേക വ്യക്തിയുടെ കാര്യത്തിൽ ഇത്തരം ഉത്തരവ് പുറപ്പെടുവിക്കുന്ന ആദ്യ സംഭവമാണിത്.

ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ചരിത്രപരമായ വിധി പ്രസ്താവിച്ചത്. 2013-ൽ ചണ്ഡിഗഡിലെ ഒരു കെട്ടിടത്തിൻ്റെ നാലാം നിലയിൽ നിന്ന് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്നാണ് നോയിഡ സ്വദേശി ഹരീഷ് റാണ ‘പെർസിസ്റ്റൻ്റ് വെജിറ്റേറ്റീവ് സ്റ്റേറ്റ്’ (PVS) എന്ന അവസ്ഥയിലായത്.

കഴിഞ്ഞ 13 വർഷമായി യാതൊരു ചലനവുമില്ലാതെ കിടപ്പിലായിരുന്ന മകൻ്റെ ദുരിതാവസ്ഥ കണ്ട്, അവൻ്റെ വേദന അവസാനിപ്പിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കളാണ് കോടതിയെ സമീപിച്ചത്. ഹരീഷ് റാണയുടെ ആരോഗ്യനിലയിൽ മാറ്റമുണ്ടാകാൻ യാതൊരു സാധ്യതയുമില്ലെന്ന മെഡിക്കൽ ബോർഡിൻ്റെ റിപ്പോർട്ട് കോടതി മുഖവിലയ്‌ക്കെടുത്തു.

ജീവൻ നിലനിർത്താൻ സഹായിക്കുന്ന മരുന്നുകളും മറ്റ് ചികിത്സാ സംവിധാനങ്ങളും ഘട്ടം ഘട്ടമായി പിൻവലിക്കാൻ കോടതി ഉത്തരവിട്ടു. ട്യൂബിലൂടെ നൽകുന്ന ഭക്ഷണം ഒരു ചികിത്സാ രീതിയുടെ ഭാഗമാണെന്നും, സുഖപ്പെടാൻ സാധ്യതയില്ലാത്ത സാഹചര്യത്തിൽ അത് ഒഴിവാക്കാമെന്നും കോടതി വ്യക്തമാക്കി. ഹരീഷ് റാണയെ ഡൽഹിയിലെ എയിംസ് പാലിയേറ്റീവ് കെയർ സെൻ്ററിലേക്ക് മാറ്റാൻ കോടതി നിർദ്ദേശിച്ചു. അവിടെ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ സമാധാനപരമായ മരണം ഉറപ്പാക്കും. ജീവിക്കാനുള്ള അവകാശത്തിൽ അന്തസ്സോടെ മരിക്കാനുള്ള അവകാശവും ഉൾപ്പെടുമെന്ന മുൻ വിധികളെ ശരിവെക്കുന്നതാണ് ഹരീഷ് റാണയുടെ കാര്യത്തിലുള്ള ഈ പുതിയ ഉത്തരവ്. തങ്ങളുടെ മകൻ്റെ തീരാവേദനയ്ക്ക് അറുതിയാകുമെന്ന ആശ്വാസത്തിലാണ് ആ കുടുംബം.

End to 13 years of pain; Supreme Court’s historic approval for euthanasia of Harish Rana

More Stories from this section

family-dental
witywide