
തിരുവനന്തപുരം : ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിൽ സംസ്ഥാന സർക്കാർ ഉൾപ്പെടെയുള്ള കക്ഷികൾ മാർച്ച് 14-നകം രേഖാമൂലമുള്ള നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു.
ഇന്ന് ഹർജികൾ പരിഗണിച്ച ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഈ ഉത്തരവിട്ടത്. ശബരിമല സ്ത്രീപ്രവേശനം ഉൾപ്പെടെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട സങ്കീർണ വിഷയങ്ങളടങ്ങുന്ന 67 ഹർജികളാണ് കോടതിക്ക് മുന്നിലുള്ളത്.
പുനഃപരിശോധനാ ഹർജികളിൽ ഏപ്രിൽ 7 മുതൽ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് അന്തിമ വാദം കേൾക്കും. വാദം കേൾക്കൽ ഏപ്രിൽ 22-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശബരിമല വിധി പുനഃപരിശോധിക്കണമെന്ന ഹർജികളെ കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അനുകൂലിച്ചു. ഹർജികളെ എതിർക്കുന്നില്ലെന്ന് സംസ്ഥാനവും അറിയിച്ചു. കോവിഡ് കാരണമാണ് നേരത്തെ വാദം കേൾക്കൽ മുടങ്ങിയത് എന്നും നിലവിലെ എഴു ചോദ്യത്തിന് പുറമെ കൂടുതൽ ചോദ്യങ്ങൾ ഓരോ കേസിനും അനുസരിച്ച് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.
സംസ്ഥാന സർക്കാരിൻ്റെ നിലപാട് ഈ കേസിൽ നിർണ്ണായകമാണ്. നിലവിൽ സർക്കാർ വൃത്തങ്ങൾ കൂടിയാലോചനകൾക്ക് ശേഷം മാത്രമേ കൃത്യമായ നിലപാട് കോടതിയെ അറിയിക്കൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്നും സർക്കാർ മുൻ നിലപാടിൽ മാറ്റം വരുത്തണമെന്നും എൻ.എസ്.എസ് അടക്കമുള്ള സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്
Entry of women into Sabarimala; Supreme Court asks state government to state its position by March 14















