
ലണ്ടൻ: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായുള്ള ബന്ധത്തെത്തുടർന്ന് ബ്രിട്ടൻ്റെ മുൻ യുഎസ് അംബാസഡർ പീറ്റർ മണ്ടേൽസണെ (72) ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസ് അറസ്റ്റ് ചെയ്തു. പൊതു പദവിയിലിരിക്കെ വരുത്തിയ വീഴ്ച എന്ന കുറ്റത്തിനാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. എപ്‌സ്റ്റീനുമായുള്ള ബന്ധത്തിൻ്റെ പേരിൽ ആഴ്ചകളോളം നീണ്ട വെളിപ്പെടുത്തലുകൾക്ക് ശേഷമാണ് ഈ നടപടി. കഴിഞ്ഞ ആഴ്ച ചാൾസ് രാജാവിന്റെ സഹോദരൻ ആൻഡ്രൂ രാജകുമാരനെയും സമാനമായ ആരോപണങ്ങളിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
2008 മുതൽ 2010 വരെയുള്ള കാലഘട്ടത്തിൽ ബിസിനസ് സെക്രട്ടറി ആയിരിക്കെ, ലണ്ടനിലെ ഡൗണിംഗ് സ്ട്രീറ്റിൽ നിന്നുള്ള നിർണായകമായ ഈമെയിലുകളും സാമ്പത്തിക വിവരങ്ങളും എപ്‌സ്റ്റീന് ചോർത്തി നൽകി എന്നതാണ് പീറ്ററിനെതിരെയുള്ള പ്രധാന ആരോപണം.
ജെഫ്രി എപ്‌സ്റ്റീനുമായുള്ള അമിത സൗഹൃദം വെളിപ്പെട്ടതിനെത്തുടർന്ന് 2025 സെപ്റ്റംബറിൽ മണ്ടേൽസണെ അംബാസഡർ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. അടുത്തിടെ അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ട മൂന്ന് ദശലക്ഷത്തിലധികം പേജുകൾ വരുന്ന എപ്‌സ്റ്റീൻ ഫയലുകളാണ് ഇദ്ദേഹത്തിനെതിരായ നിർണായക തെളിവുകളായത്. നിലവിൽ മണ്ടേൽസണെ ലണ്ടനിലെ പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തു വരികയാണ്. അദ്ദേഹം നേരത്തെ കുറ്റാരോപണങ്ങൾ നിഷേധിച്ചിരുന്നു. ബ്രിട്ടിഷ് മുൻ പ്രധാനമന്ത്രി ടോണി ബ്ലെയറുടെ ന്യൂ ലേബർ പദ്ധതിയുടെ ശിൽപികളിൽ ഒരാളായിരുന്നു പീറ്റർ. മുൻപ് രണ്ടുതവണ അഴിമതി ആരോപണങ്ങളെത്തുടർന്ന് അദ്ദേഹത്തിന് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നിട്ടുണ്ട്.
Epstein connection: After Andrew, another arrest in Britain, Britain’s former US ambassador Peter Mandelson arrested















