എപ്സ്റ്റീനുമായുള്ള ബന്ധം: ട്രംപിൻ്റെ വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്‌നിക്കിനോട് രാജിവയ്ക്കാൻ ആഹ്വാനം

വാഷിംഗ്ടൺ : പുത്തുവന്ന എപ്സ്റ്റീൻ ഫയലുകൾ ട്രംപ് ഭരണകൂടത്തെ വിടാതെ പിന്തുടരുകയാണ്. യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്‌നിക്ക് , അന്തരിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ദീർഘകാലം ബന്ധം പുലർത്തിയിരുന്നു എന്ന പുതിയ വെളിപ്പെടുത്തലുകളെത്തുടർന്ന് അദ്ദേഹത്തോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ട് പ്രമുഖ യുഎസ് ജനപ്രതിനിധികൾ രംഗത്തെത്തി.

റിപ്പബ്ലിക്കൻ പാർട്ടിയിലെ തോമസ് മാസ്സി, ഡെമോക്രാറ്റിക് പ്രതിനിധി റോ ഖന്ന, ഡെമോക്രാറ്റിക് പാർട്ടിയിലെ സെനറ്റർ ആഡം ഷിഫ്, റോബർട്ട് ഗാർഷ്യ തുടങ്ങിയ ജനപ്രതിനിധികൾ ലുട്‌നിക്കിൻ്റെ രാജി ഇതിനോടകം ആവശ്യപ്പെട്ടുകഴിഞ്ഞു.

“നോക്കൂ, ഈ ഫയലുകളിലെ വിവരങ്ങൾ വിശ്വസിക്കാമെങ്കിൽ ഹോവാർഡ് ലുട്‌നിക്ക് ആ ദ്വീപ് സന്ദർശിച്ചിട്ടുണ്ടെന്ന് വ്യക്തമാണ്. അദ്ദേഹം ജെഫ്രി എപ്‌സ്റ്റീനുമായി ബിസിനസ് ബന്ധത്തിൽ ഏർപ്പെട്ടിരുന്നു. റിപ്പബ്ലിക്കൻ പ്രതിനിധി തോമസ് മാസ്സി ഞായറാഴ്ച സിഎൻഎന്നിൻ്റെ ‘ഇൻസൈഡ് പൊളിറ്റിക്സ്’ പരിപാടിയിൽ പറഞ്ഞു. “അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ഒരുപാട് കാര്യങ്ങളിൽ മറുപടി പറയേണ്ടതുണ്ട്. സത്യത്തിൽ, അദ്ദേഹം പ്രസിഡന്റിന് കാര്യങ്ങൾ എളുപ്പമാക്കിക്കൊടുക്കണം, ലളിതമായി പറഞ്ഞാൽ അദ്ദേഹം രാജിവെക്കുകയാണ് വേണ്ടത്,” മാസ്സി കൂട്ടിച്ചേർത്തു.

ഹൗസ് ഓവർസൈറ്റ് കമ്മിറ്റിയിലെ മുതിർന്ന ഡെമോക്രാറ്റ് അംഗമായ റോബർട്ട് ഗാർഷ്യ എക്സിൽ കുറിച്ചത് ഇങ്ങനെയാണ്: “വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്‌നിക്ക് എപ്‌സ്റ്റീനുമായുള്ള തൻ്റെ ബന്ധത്തെക്കുറിച്ച് കള്ളം പറയുകയായിരുന്നുവെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. 2005-ന് ശേഷം തനിക്ക് എപ്‌സ്റ്റീനുമായി യാതൊരു ഇടപാടുമില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്, എന്നാൽ അവർ ഒരുമിച്ച് ബിസിനസ് നടത്തിയിരുന്നതായി ഇപ്പോൾ നമുക്കറിയാം. ലുട്‌നിക്ക് രാജിവെക്കുകയോ അല്ലെങ്കിൽ അദ്ദേഹത്തെ പുറത്താക്കുകയോ വേണം. അദ്ദേഹം ഞങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയേ തീരൂ.”

2005-ന് ശേഷം എപ്‌സ്റ്റീനുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ലുട്‌നിക്ക് മുമ്പ് അവകാശപ്പെട്ടിരുന്നു. എന്നാൽ, അടുത്തിടെ പുറത്തുവന്ന ജസ്റ്റിസ് ഡിപ്പാർട്ട്‌മെൻ്റ് രേഖകൾ പ്രകാരം 2018 വരെ ഇരുവരും തമ്മിൽ ബന്ധമുണ്ടായിരുന്നുവെന്നും ഒരുമിച്ച് ബിസിനസ് നിക്ഷേപങ്ങൾ നടത്തിയിരുന്നുവെന്നും ആരോപിക്കപ്പെടുന്നു. “സമൂഹത്തിലോ ബിസിനസ്സിലോ ജീവകാരുണ്യ പ്രവർത്തനങ്ങളിലോ ഞാൻ ഒരിക്കലും അദ്ദേഹത്തോടൊപ്പം ഒരേ മുറിയിൽ ഉണ്ടായിട്ടില്ല. ആ വ്യക്തി അവിടെയുണ്ടെങ്കിൽ ഞാൻ അങ്ങോട്ട് പോകാറില്ലായിരുന്നു, കാരണം അയാൾ വെറുക്കപ്പെട്ടവനായിരുന്നു,” ഒക്ടോബറിൽ നടന്ന ‘പോഡ് ഫോഴ്സ് വൺ’ പോഡ്കാസ്റ്റിൽ ലുട്‌നിക്ക് പറഞ്ഞിരുന്നു.

ലുട്‌നിക്കും എപ്‌സ്റ്റീനും ന്യൂയോർക്കിൽ അയൽവാസികളായിരുന്നു. എപ്‌സ്റ്റീൻ്റെ സ്വകാര്യ ദ്വീപിലേക്ക് ലുട്‌നിക്കും കുടുംബവും യാത്ര പ്ലാൻ ചെയ്തിരുന്നതായും 2012-ൽ ഇരുവരും ചേർന്ന് ഒരു കമ്പനിയിൽ നിക്ഷേപം നടത്തിയതായും പുറത്തുവന്ന രേഖകൾ സൂചിപ്പിക്കുന്നു.

അതേസമയം, ലുട്‌നിക്കീന് എപ്‌സ്റ്റീനുമായി ‘പരിമിതമായ ബന്ധം’ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് വാണിജ്യ വകുപ്പ് വക്താവ് വ്യക്തമാക്കിയത്. എന്നാൽ, അദ്ദേഹം രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചു എന്നാണ് വിമർശകർ പറയുന്നത്. നിലവിൽ, ലുട്‌നിക്കിനെ പുറത്താക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും വൈറ്റ് ഹൗസ് അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Epstein connection: Trump’s Commerce Secretary Howard Lutnick called to resign

More Stories from this section

family-dental
witywide