ഓസ്ലോ: യുഎസിലെ കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയും ശതകോടീശ്വരനുമായ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധം വിവാദമായതിനെത്തുടർന്ന് നോർവീജിയൻ അംബാസഡർ മോന ജൂൾ രാജിവെച്ചു. ജോർദാനിലെ നോർവീജിയൻ അംബാസഡറായിരുന്ന മോന ജൂളിനെ കഴിഞ്ഞ ദിവസം സ്ഥാനത്തുനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രാജി.
മോന ജൂളിൻ്റെയും ഭർത്താവും പ്രമുഖ നയതന്ത്രജ്ഞനുമായ ടെർജെ ലാർസന്റെയും മക്കൾക്കായി പത്ത് മില്യൺ ഡോളർ (ഏകദേശം 83 കോടി രൂപ) എപ്സ്റ്റീൻ തൻ്റെ വിൽപ്പത്രത്തിൽ മാറ്റിവെച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതേത്തുടർന്നാണ് മോന ജൂളിനെതിരെ അന്വേഷണം ആരംഭിച്ചത്. 1990-കളിൽ ഇസ്രായേൽ-പലസ്‌തീൻ സമാധാന ചർച്ചകളിൽ (ഓസ്ലോ ഉടമ്പടി) നിർണ്ണായക പങ്കുവഹിച്ച വ്യക്തിയാണ് മോന ജൂൾ.
എപ്സ്റ്റീനുമായുള്ള ബന്ധം ഗുരുതരമായ വീഴ്ചയാണെന്നും വിശ്വാസ്യത വീണ്ടെടുക്കാൻ രാജിയാണ് ഉചിതമായ നടപടിയെന്നും നോർവേ വിദേശകാര്യ മന്ത്രി എസ്‌പൻ ബാർത്ത് ഐഡ് പറഞ്ഞു. എന്നാൽ, എപ്സ്റ്റീനുമായുള്ള ബന്ധം ഭർത്താവിന്റേതാണെന്നും തൻറേത് വ്യക്തിപരമായ ചില കാണലുകൾ മാത്രമാണെന്നുമാണ് മോന ജൂളിന്റെ വിശദീകരണം. എങ്കിലും നയതന്ത്ര പ്രതിനിധിയെന്ന നിലയിൽ കൂടുതൽ ജാഗ്രത പാലിക്കേണ്ടിയിരുന്നുവെന്ന് അവർ സമ്മതിച്ചു.
അതേസമയം, എപ്സ്റ്റീൻ ഫയലുകൾ പുറത്തുവന്നതോടെ നോർവീജിയൻ രാജകുമാരി മെറ്റെ-മാരിറ്റും കഴിഞ്ഞ ദിവസം ഖേദപ്രകടനം നടത്തിയിരുന്നു. മുൻ പ്രധാനമന്ത്രി തോർബ്ജോൺ ജാഗ്ലാൻഡിനെതിരെയും എപ്സ്റ്റീൻ ബന്ധത്തിൽ അന്വേഷണം നടക്കുന്നുണ്ട്. എപ്സ്റ്റീൻ 2019-ൽ ന്യൂയോർക്കിലെ ജയിലിൽ വെച്ചായിരുന്നു ആത്മഹത്യ ചെയ്തത്. തുടർന്ന് യുഎസ് നീതിന്യായ വകുപ്പ് ഘട്ടങ്ങളായാണ് എപ്സ്റ്റീൻ ഫയൽ പുറത്തുവിടുന്നത്.
Epstein file; Norwegian ambassador resigns















