ലൈംഗിക പീഡനക്കേസുകളിലെ പ്രതി, രാഹുൽ മാങ്കൂട്ടത്തിലിന്‍റെ എംഎൽഎ സ്ഥാനത്തിന് അയോഗ്യത കൽപ്പിക്കണമെന്ന പരാതി: ഡികെ മുരളിയെ നിയമസഭ എത്തിക്സ് കമ്മിറ്റി ഹിയറിംഗിന് വിളിച്ചു

ലൈംഗിക പീഡനക്കേസുകളിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെ എം.എൽ.എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.കെ. മുരളി നൽകിയ പരാതിയിൽ നിയമസഭ പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റി നടപടികൾ ഊർജിതമാക്കി. പരാതിക്കാരനായ വാമനപുരം എം.എൽ.എ ഡി.കെ. മുരളിയോട് ഫെബ്രുവരി 23-ന് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകാൻ നിർദ്ദേശം നൽകി. സ്പീക്കർ എ.എൻ. ഷംസീർ സമിതിക്ക് വിട്ട പരാതിയിൽ മുരളിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും രാഹുൽ മാങ്കൂട്ടത്തിലിനെതിരായ തുട നടപടികൾ തീരുമാനിക്കുക. രാഹുലിന്റെ പെരുമാറ്റം സഭയുടെ അന്തസ്സിന് നിരക്കാത്തതാണെന്നാണ് പരാതിയിലെ പ്രധാന ആരോപണം.

അതേസമയം, എത്തിക്സ് കമ്മിറ്റി യോഗത്തിൽ മുരളിയുടെ പരാതിക്കെതിരെ പ്രതിപക്ഷ അംഗങ്ങൾ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. പരാതിയിൽ സാങ്കേതിക പിഴവുകളുണ്ടെന്നും ക്രിമിനൽ കേസുകളുടെ പേരിൽ അയോഗ്യനാക്കാൻ സഭയ്ക്ക് അധികാരമില്ലെന്നും അവർ വാദിച്ചു. ഡി.കെ. മുരളിയുടെ മൊഴി എടുത്ത ശേഷം രാഹുൽ മാങ്കൂട്ടത്തിലിന്റെ ഭാഗം കൂടി സമിതി കേൾക്കും. നടപടികൾ പൂർത്തിയാക്കാൻ സമയം ആവശ്യമുള്ളതിനാൽ ഈ നിയമസഭാ സമ്മേളനത്തിനുള്ളിൽ അന്തിമ തീരുമാനമുണ്ടാകാൻ സാധ്യതയില്ല. രാഹുലിനെ കോൺഗ്രസ് പുറത്താക്കിയെങ്കിലും, എത്തിക്സ് കമ്മിറ്റി വഴി അയോഗ്യനാക്കാനുള്ള സി.പി.എം നീക്കത്തെ രാഷ്ട്രീയമായി നേരിടാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

More Stories from this section

family-dental
witywide