ട്രംപിനെയും ഗ്രീൻലാൻഡിനെയും കുറിച്ചുള്ള പദ്ധതികൾ ചർച്ചചെയ്ത് യൂറോപ്യൻ നേതാക്കൾ; ബ്രസ്സൽസിൽ നിർണായക യോഗം, ‘ഏത് തരത്തിലുള്ള ബലപ്രയോഗത്തിനെതിരെയും സ്വയം പ്രതിരോധിക്കും’

ബ്രസ്സൽസ്: യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഗ്രീൻലാൻഡിനെ സംബന്ധിച്ച് നടത്തിയ പ്രസ്താവനകളെ തുടർന്നുണ്ടായ നയതന്ത്ര പ്രതിസന്ധി ചർച്ച ചെയ്യാൻ വ്യാഴാഴ്ച ബ്രസ്സൽസിൽ യൂറോപ്യൻ യൂണിയൻ (EU) നേതാക്കളുടെ അടിയന്തര യോഗം ചേർന്നു.

യൂറോപ്യൻ കൗൺസിൽ പ്രസിഡൻ്റ് അന്റോണിയോ കോസ്റ്റ, യൂറോപ്യൻ കമ്മീഷൻ പ്രസിഡൻ്റ് ഉർസുല വോൺ ഡെർ ലെയ്ൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഈ സമ്മേളനം നടന്നത് . ഗ്രീൻലാൻഡ് വാങ്ങാനുള്ള ട്രംപിൻ്റെ താൽപ്പര്യവും, അതിനെ എതിർത്ത യൂറോപ്യൻ രാജ്യങ്ങൾക്കുമേൽ തീരുവ ചുമത്തുമെന്ന ഭീഷണിയുമാണ് ഈ അടിയന്തര യോഗത്തിന് കാരണമായത്. എന്നാൽ, യോഗം നടക്കുന്നതിന് തൊട്ടുമുമ്പ്, താൻ താരിഫ് ഭീഷണി പിൻവലിക്കുകയാണെന്നും ആർട്ടിക് സുരക്ഷയുമായി ബന്ധപ്പെട്ട് നാറ്റോയുമായി (NATO) ഏകദേശ ധാരണയിൽ എത്തിയെന്നും ട്രംപ് അറിയിച്ചു.

ട്രംപിൻ്റെ പെട്ടെന്നുള്ള പിന്മാറ്റം ആശ്വാസകരമാണെങ്കിലും അമേരിക്കയുമായുള്ള ബന്ധത്തിൽ വലിയ വിള്ളൽ വീണതായി യൂറോപ്യൻ യൂണിയൻ നേതാക്കൾ വിലയിരുത്തി. ഡെന്മാർക്കിൻ്റെ പരമാധികാരത്തെ മാനിക്കണമെന്നും ഇത്തരം ഭീഷണികളെ ഒറ്റക്കെട്ടായി നേരിടുമെന്നും ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണും യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവി കാജ കല്ലാസും വ്യക്തമാക്കി. ഗ്രീൻലാൻഡിൻ്റെ ഭാവി തീരുമാനിക്കാൻ അവിടുത്തെ ജനങ്ങൾക്കും ഡെന്മാർക്കിനും മാത്രമേ അവകാശമുള്ളൂവെന്ന് ഇയു നേതാക്കൾ വ്യക്തമാക്കി. ഏതെങ്കിലും തരത്തിലുള്ള ഭീഷണികളോ നിർബന്ധിത നടപടികളോ ഉണ്ടായാൽ അതിനെതിരെ ശക്തമായി പ്രതികരിക്കാൻ ഇയു സജ്ജമാണെന്ന് യൂറോപ്യൻ കൗൺസിൽ പ്രസിഡൻ്റ് അറിയിച്ചു. ഭീഷണികൾ നേരിടാൻ ഇയുവിന് ആവശ്യമായ സാമ്പത്തിക, നയതന്ത്ര ആയുധങ്ങൾ ഉണ്ടെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി.

മാത്രമല്ല, ഭാവിയിൽ ഉണ്ടാകാനിടയുള്ള സമാനമായ സാമ്പത്തിക സമ്മർദ്ദങ്ങളെ നേരിടാൻ യൂറോപ്പ് കൂടുതൽ കരുതലോടെ ഇരിക്കണമെന്ന് യോഗത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു. ട്രംപ് ഗ്രീൻലാൻഡ് വിഷയത്തിൽ ഭീഷണി മുഴക്കിയതിനെത്തുടർന്ന് നിർത്തിവെച്ചിരുന്ന യുഎസ്-ഇയു വ്യാപാര കരാർ ചർച്ചകൾ പുനരാരംഭിക്കാൻ തത്വത്തിൽ ധാരണയായി.

ഗാസയിലെയും മറ്റും സംഘർഷങ്ങൾ പരിഹരിക്കാൻ യുഎസ് നിർദ്ദേശിച്ച ‘ബോർഡ് ഓഫ് പീസ്’ എന്ന ആശയത്തെക്കുറിച്ച് നേതാക്കൾ ചർച്ച ചെയ്തു. എന്നാൽ ഇതിൻ്റെ നിയമപരമായ വശങ്ങളെക്കുറിച്ചും ഐക്യരാഷ്ട്രസഭയുമായുള്ള ബന്ധത്തെക്കുറിച്ചും പല രാജ്യങ്ങളും ആശങ്ക പ്രകടിപ്പിച്ചു.

ഗ്രീൻലാൻഡിലെ ഡാനിഷ് പരമാധികാരം നിലനിർത്തിക്കൊണ്ടുതന്നെ അവിടെ യുഎസ് സൈന്യത്തിന് കൂടുതൽ പ്രവർത്തനാനുമതി നൽകുന്നതിനെക്കുറിച്ചും ആർട്ടിക് മേഖലയിൽ നാറ്റോയുടെ സ്ഥിരസാന്നിധ്യം ഉറപ്പാക്കുന്നതിനെക്കുറിച്ചും ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

European leaders discuss Trump and Greenland plans; crucial meeting in Brussels

Also Read

More Stories from this section

family-dental
witywide