ട്രംപിന് ഒരു മുഴം മുമ്പേ യൂറോപ്യൻ യൂണിയൻ; ഇന്ത്യയുമായി ഈ മാസം സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമായേക്കും

ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ സംബന്ധിച്ച ചർച്ചകൾ നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇതിന്റെ ഭാഗമായി യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ഉന്നതതല പ്രതിനിധി സംഘം ഇന്ത്യസന്ദർശിക്കാനൊരുങ്ങുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്നും ജനുവരി 25 മുതൽ 27 വരെ ഇന്ത്യ സന്ദർശിക്കും. റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്നതിനു പുറമേ, ഇരു നേതാക്കളും പ്രധാനമന്ത്രി മോദിയോടൊപ്പം ഉച്ചകോടിയിൽ അധ്യക്ഷത വഹിക്കുകയും പ്രസിഡന്റ് ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ചകൾ നടത്തുകയും ഇന്ത്യൻ നേതൃത്വവുമായി നിയന്ത്രിതവും പ്രതിനിധി തലത്തിലുള്ളതുമായ ചർച്ചകൾ നടത്തുകയും ചെയ്യും. ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലെ വമ്പൻ സ്വതന്ത്ര വ്യാപാരക്കരാറിലും ഇവർ ഒപ്പിട്ടേക്കും.

അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ പുരോഗമിക്കുന്നതിനിടയിൽ, ഇന്ത്യയുമായി ആദ്യം കരാറിലെത്താനാണ് യൂറോപ്യൻ യൂണിയൻ ലക്ഷ്യമിടുന്നത്. ഇന്ത്യയും യുഎസും തമ്മിലെ വ്യാപാരക്കരാർ ചർച്ച അന്തിമഘട്ടത്തിലായെന്ന് ട്രംപും കേന്ദ്ര വാണിജ്യ മന്ത്രാലയവും അടിക്കടി പറയുന്നുണ്ടെങ്കിലും എന്ന് ഒപ്പുവയ്ക്കുമെന്നതിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. ഇന്ത്യയുടെ വിശാലമായ വിപണിയിൽ മുൻതൂക്കം നേടുക എന്നതാണ് ഇതിന് പിന്നിലെ പ്രധാന ഉദ്ദേശ്യം.  

ചരക്ക് സേവന നികുതികൾ കുറയ്ക്കുക, നിക്ഷേപങ്ങൾക്കുള്ള തടസ്സങ്ങൾ നീക്കുക, ഡിജിറ്റൽ വ്യാപാരത്തിൽ സഹകരണം ഉറപ്പാക്കുക എന്നിവയാണ് ചർച്ചകളിലെ പ്രധാന വിഷയങ്ങൾ. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിലൊന്നാണ് യൂറോപ്യൻ യൂണിയൻ. ഈ കരാർ യാഥാർത്ഥ്യമായാൽ ടെക്സ്റ്റൈൽസ്, കൃഷി, ഫാർമസ്യൂട്ടിക്കൽസ് എന്നീ മേഖലകളിൽ ഇന്ത്യയ്ക്ക് വലിയ നേട്ടമുണ്ടാകുമെന്നാണ് സൂചന. ഡയറി ഉൽപ്പന്നങ്ങൾ, വൈൻ, വാഹനങ്ങൾ എന്നിവയുടെ ഇറക്കുമതി തീരുവയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാനാണ് ഇന്ത്യയും യുഎസും ഇപ്പോൾ ശ്രമിക്കുന്നത്. യൂറോപ്യൻ യൂണിയൻ ഇത്തരത്തിൽ ഇന്ത്യയോട് കടുംപിടിത്തം കാട്ടാത്തത് ഇന്ത്യയ്ക്ക് വലിയ നേട്ടവുമാണ്.

റഷ്യയുമായുള്ള എണ്ണ വ്യാപാരം കാട്ടി ട്രംപ് ചുമത്തിയ 50% തീരുവമൂലം അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഈ സാഹചര്യത്തിൽ ബദൽ വിപണികൾ ശക്തിപ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കത്തിനും ഇന്ത്യ-ഇയു സ്വതന്ത്ര വ്യാപാരക്കരാർ വലിയ കരുത്താകും.


European Union one step ahead of Trump; Free trade deal could materialize this month

More Stories from this section

family-dental
witywide