
ഓസ്ലോ: നോർവേ തലസ്ഥാനമായ ഓസ്ലോയിലെ അമേരിക്കൻ എംബസിക്ക് നേരെയുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് മൂന്ന് സഹോദരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇറാഖി വംശജരും നോർവീജിയൻ പൗരത്വവുമുള്ള യുവാക്കളാണ് പിടിയിലായത്. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായവർ ഇരുപതുകളിൽ പ്രായമുള്ളവരാണെന്നും ഇവർക്ക് മുൻപ് കുറ്റകൃത്യ പശ്ചാത്തലമില്ലെന്നും പൊലീസ് പ്രോസിക്യൂട്ടർ ക്രിസ്റ്റ്യൻ ഹാറ്റ്‌ലോ അറിയിച്ചു.
ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെ എംബസിയുടെ കോൺസുലർ വിഭാഗം കവാടത്തിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ കെട്ടിടത്തിന് ചെറിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചെങ്കിലും ആർക്കും പരുക്കേറ്റിട്ടില്ല. ഇതൊരു ഭീകരാക്രമണമാണെന്ന സംശയത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഏതെങ്കിലും വിദേശ രാജ്യത്തിൻ്റെയോ സർക്കാർ ഏജൻസികളുടേയോ നിർദ്ദേശപ്രകാരം നടത്തിയതാണോ ഈ സ്ഫോടനം എന്നും പൊലീസ് ഗൗരവമായി പരിശോധിക്കുന്നുണ്ട്. മധ്യപൂർവേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥയുമായി ഈ ആക്രമണത്തിന് ബന്ധമുണ്ടാകാമെന്ന് പൊലീസ് സൂചിപ്പിച്ചു. ഇറാൻ തങ്ങളുടെ ഏജൻ്റുകളെയോ ക്രിമിനൽ സംഘങ്ങളെയോ ഉപയോഗിച്ച് ഇത്തരം ആക്രമണങ്ങൾ നടത്തിയേക്കാമെന്ന് നോർവീജിയൻ സുരക്ഷാ സേന (PST) നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
പിടിയിലായവരിൽ ഒരാൾ ബോംബ് സ്ഥാപിച്ചതായും മറ്റ് രണ്ടുപേർ ഇതിന് സഹായിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ വിശ്വസിക്കുന്നു. ക്രിമിനൽ സംഘങ്ങളുമായുള്ള ഇവരുടെ ബന്ധവും അന്വേഷണ പരിധിയിലുണ്ട്. സംഭവത്തെത്തുടർന്ന് ഓസ്ലോയിലെ അമേരിക്കൻ എംബസിക്കും നഗരത്തിലെ ജൂത കേന്ദ്രങ്ങൾക്കും സുരക്ഷ വർദ്ധിപ്പിച്ചു. ലോകമെമ്പാടുമുള്ള യുഎസ് എംബസികൾക്കും നിലവിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
Explosion at US Embassy in Norway: Three Iraqi brothers arrested
















