
യുക്രെയ്ൻ-റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയുമായി വ്യാപാരബന്ധം തുടരുന്നു എന്ന കാരണത്താൽ ഇന്ത്യയെ വിമർശിക്കരുതെന്ന് പോളണ്ടിന് വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ കർശന മുന്നറിയിപ്പ്. റഷ്യൻ എണ്ണ വാങ്ങുന്നതിന്‍റെ പേരിൽ അമേരിക്ക തീരുവ വർധിപ്പിച്ചതടക്കം ചൂണ്ടിക്കാട്ടിയാണ് ജയശങ്കർ ഇക്കാര്യം പറഞ്ഞത്. പാക്കിസ്ഥാനെ പിന്തുണയ്ക്കുന്നത് പോളണ്ട് നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡൽഹിയിൽ പോളിഷ് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ റാഡോസ്ലാവ് സിക്കോർസ്‌കിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ജയശങ്കർ ഇന്ത്യയുടെ ശക്തമായ നിലപാട് വ്യക്തമാക്കിയത്.
അതിർത്തി കടന്നുള്ള ഭീകരാവാദ വിഷയത്തിൽ പാക്കിസ്ഥാന് നേരിട്ടോ അല്ലാതെയോ പിന്തുണ നൽകുന്നതിനെതിരെ ഇന്ത്യ അതൃപ്തി രേഖപ്പെടുത്തി. ഭീകരവാദം നേരിടുന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ജയശങ്കർ വ്യക്തമാക്കി. റഷ്യയുമായുള്ള ഇന്ത്യയുടെ വ്യാപാര നയങ്ങളെ പോളണ്ട് മുൻപ് ചോദ്യം ചെയ്തിരുന്നു. ഇതിനുള്ള മറുപടിയായാണ് ഇന്ത്യയുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ വിദേശ രാജ്യങ്ങൾ ഇടപെടേണ്ടതില്ലെന്ന് ജയശങ്കർ ആവർത്തിച്ചത്.
അതേസമയം, നിലവിലെ രാഷ്ട്രീയ തർക്കങ്ങൾക്കിടയിലും ഇന്ത്യയും പോളണ്ടും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം വികസിപ്പിക്കാൻ ഇരുരാജ്യങ്ങളും താല്പര്യം പ്രകടിപ്പിച്ചു. മധ്യ യൂറോപ്പിലെ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിലൊന്നാണ് പോളണ്ട്. ഏകദേശം 7 ബില്യൺ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ളത്. പ്രതിരോധം, സുരക്ഷ, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു.















