
ന്യൂഡൽഹി : ഡൽഹിയിൽ അതിശൈത്യം തുടരുന്ന പശ്ചാത്തലത്തിൽ കാലാവസ്ഥാ വകുപ്പ് ശീതതരംഗ (Cold Wave) മുന്നറിയിപ്പ് നൽകി. ഇന്ന് നഗരത്തിലെ കുറഞ്ഞ താപനില 3.2 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നു. ശൈത്യകാലം തുടരുന്നതിനിടെ വടക്കേ ഇന്ത്യയിലാകെ മൂടൽമഞ്ഞും താപനില താഴുന്നതും തുടരുകയാണ്. ഡൽഹി, എൻസിആർ എന്നിവിടങ്ങളിലാണ് ശീതതരംഗ മുന്നറിയിപ്പ് നൽകിയത്. ജനുവരി 17 വരെ ഡൽഹി, എൻസിആർ മേഖലകളിൽ ഇടതൂർന്ന മൂടൽമഞ്ഞ് നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഞായറാഴ്ച ഡൽഹിയിലെ താപനില 2.9 ഡിഗ്രി സെൽഷ്യസായി കുറഞ്ഞിരുന്നു. അയനഗറിലാണ് ഈ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. പാലമിൽ, ഏറ്റവും കുറഞ്ഞ താപനില മൂന്ന് ഡിഗ്രിയായിരുന്നു. ഡൽഹിയിലെ സഫ്ദർജംഗിൽ 4 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്.
ഉത്തരേന്ത്യയിൽ ഉത്തർപ്രദേശ്, ജമ്മു, ഹരിയാന, ചണ്ഡീഗഡ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും ശീതതരംഗം ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. അതേസമയം, രാജസ്ഥാൻ, ബീഹാർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അസം, മേഘാലയ, മിസോറം, ത്രിപുര, മണിപ്പൂർ, നാഗാലാൻഡ് എന്നിവിടങ്ങളിലും ഇടതൂർന്ന മൂടൽമഞ്ഞും ശീതതരംഗവും പ്രതീക്ഷിക്കുന്നുണ്ട്.
Extreme cold continues: Cold wave warning in Delhi; Temperature drops to 3.2 degrees Celsius














