എഫ്-35, എഫ്-22, യുദ്ധക്കപ്പലുകൾ: 2003 ന് ശേഷമുള്ള അമേരിക്കയുടെ ഏറ്റവും വലിയ മിഡിൽ ഈസ്റ്റ് വിന്യാസം

ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ, മിഡിൽ ഈസ്റ്റിൽ അമേരിക്ക വൻ വ്യോമസേനയെ വിന്യസിച്ചു. ജെറ്റ് യുദ്ധവിമാനങ്ങളും മറ്റു യുദ്ധ വിമാനങ്ങളും ഉൾപ്പെടുന്ന വലിയ എയർ ഫ്ലീറ്റ് ഇതിനോടകം പ്രദേശത്ത് എത്തിച്ചിട്ടുണ്ട്. ഇതോടെ ഇറാനെതിരെ സൈനിക നടപടി വൈകാതെ തുടങ്ങാനിടയുണ്ടെന്ന സൂചന അമേരിക്കൻ ഉദ്യോഗസ്ഥരും ഉപദേഷ്ടാക്കളും നൽകിയതായി Axios റിപ്പോർട്ട് ചെയ്തു. റിപ്പോർട്ടുകൾ പ്രകാരം, ഇറാനെതിരെ യുഎസ് സൈനിക നടപടി ആരംഭിച്ചാൽ അതൊരിക്കലും ചെറിയ ആക്രമണമായിരിക്കില്ല. മറിച്ച് ആഴ്ചകളോളം നീളുന്ന വലിയ യുദ്ധമാകാനാണ് സാധ്യത.

വിലക്കയറ്റത്തെ തുടർന്ന് ഇറാനിൽ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങളോടെയാണ് സംഘർഷം ആരംഭിച്ചത്. പിന്നീട് ഇത് സർക്കാരിനെതിരായ പ്രക്ഷോഭമായി മാറി. ആയത്തുല്ല അലി ഖമനേയിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം പ്രതിഷേധക്കാരെ ശക്തമായി അടിച്ചമർത്തിയതിനെ തുടർന്ന്, യുഎസ് പ്രസിഡന്റായ ഡോണൾഡ് ട്രംപ് സൈനിക നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. എന്നാൽ ഇപ്പോൾ ട്രംപിൻ്റെ ശ്രദ്ധ ഇറാന്റെ ആണവ ശേഖരത്തിലേക്ക് കൂടി മാറിയിരിക്കുകയാണ്. ഇറാന്റെ ആണവ പദ്ധതി നിർത്തലാക്കാൻ അമേരിക്ക ശ്രമിക്കുന്നതായാണ് റിപ്പോർട്ടുകൾ.

2003-ലെ ഇറാഖ് അധിനിവേശത്തിന് ശേഷമുള്ള ഏറ്റവും വലിയ സൈനിക വിന്യാസമാണിതെന്ന് Wall Street Journal റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ അത്യാധുനിക F-35, F-22 യുദ്ധവിമാനങ്ങൾ മിഡിൽ ഈസ്റ്റിലേക്കു മാറ്റിയതായി ഫ്ലൈറ്റ് ട്രാക്കിംഗ് ഡാറ്റയും യുഎസ് ഉദ്യോഗസ്ഥരും വ്യക്തമാക്കിയതായി റിപ്പോർട്ടിൽ പറയുന്നു. ഇതോടൊപ്പം രണ്ടാമത്തെ എയർക്രാഫ്റ്റ് കേരിയറായ USS Gerald R. Ford പ്രദേശത്തേക്ക് അയച്ചു. USS Abraham Lincoln ഇതിനകം ഇറാൻ തീരപ്രദേശത്തിന് സമീപം പ്രവർത്തിച്ചുവരുന്നു. Gerald R. Ford-ൽ ആക്രമണ-ഇലക്ട്രോണിക് യുദ്ധവിമാനങ്ങൾ സജ്ജീകരിച്ചിരിക്കുന്നു. വൻ വ്യോമാക്രമണങ്ങൾക്ക് നിർണായകമായ കമാൻഡ്-കൺട്രോൾ വിമാനങ്ങളും മേഖലയിൽ എത്തിക്കപ്പെടുന്നുണ്ട്. കൂടാതെ പ്രധാന മിസൈൽ പ്രതിരോധ സംവിധാനങ്ങളും വിന്യസിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

ഇറാനെതിരെ ആക്രമണം നടത്താൻ ട്രംപ് ഉത്തരവിടുമോ എന്നത് ഇപ്പോഴും വ്യക്തമല്ല. ഉത്തരവിട്ടാൽ അതിന്റെ ലക്ഷ്യം എന്തായിരിക്കുമെന്നതും അനിശ്ചിതമാണ്. ഇറാന്റെ ആണവ പദ്ധതി, മിസൈൽ ശക്തി, ഖമനേയിയുടെ ഭരണകൂടം എന്നിവയ്‌ക്കെതിരെ ട്രംപ് അസംതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ട്രംപിന് ലഭ്യമായ സൈനിക ഓപ്ഷനുകളെക്കുറിച്ച് നിരവധി ബ്രിഫിംഗുകൾ നൽകിയിട്ടുണ്ടെന്നും, ഇറാൻ ഭരണകൂടത്തെയും അതിന്റെ പ്രാദേശിക കൂട്ടാളികളെയും പരമാവധി ദുർബലപ്പെടുത്തുന്ന രീതിയിലാണ് അവ തയ്യാറാക്കിയതെന്നും വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് പറയുന്നു.

ഇറാനിലെ നിരവധി രാഷ്ട്രീയ-സൈനിക നേതാക്കളെ ലക്ഷ്യമിട്ട് ആക്രമണ ക്യാംപെയ്ൻ നടത്തുന്നതും ഭരണകൂടം അട്ടിമറിക്കാനുള്ള ശ്രമവും അമേരിക്ക പരിഗണിക്കുന്നുണ്ട്. അതുപോലെ, ആണവ-ബാലിസ്റ്റിക് മിസൈൽ കേന്ദ്രങ്ങളെ മാത്രം ലക്ഷ്യമിട്ട് പരിമിതമായ വ്യോമാക്രമണവും മറ്റൊരു സാധ്യതയാണ്. ഈ രണ്ടും ആഴ്ചകളോളം നീളുന്ന സൈനിക നടപടികളായിരിക്കുമെന്നാണ് വിലയിരുത്തൽ. നിലവിൽ പ്രദേശത്ത് വിന്യസിച്ചിരിക്കുന്ന സൈനിക ശക്തി, ഇറാനെതിരെ ആഴ്ചകളോളം നീളുന്ന വ്യോമയുദ്ധം നടത്താനുള്ള സാധ്യത യുഎസ് പ്രസിഡന്റിന് നൽകുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.

മുമ്പ് ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളെ മാത്രം ലക്ഷ്യമിട്ട ഒറ്റത്തവണ ആക്രമണത്തേക്കാൾ ഇത് വിപുലമായ നീക്കമായിരിക്കും. അതേസമയം, അമേരിക്കയും ഇറാനും തമ്മിൽ ഈ ആഴ്ച ജനീവയിൽ ചർച്ചകൾ നടന്നു. യൂറേനിയം സമ്പുഷ്ടീകരണവുമായി ബന്ധപ്പെട്ട കരാറിൽ ധാരണയിലെത്താനുള്ള ശ്രമമാണ് നടന്നത്. ചർച്ചകളിൽ “ചില പുരോഗതി” ഉണ്ടായതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലെവിറ്റ് അറിയിച്ചു. എന്നാൽ ചില വിഷയങ്ങളിൽ ഇനിയും ഇരുപക്ഷവും “വളരെ അകന്ന നിലയിലാണ്” എന്നും അവർ കൂട്ടിച്ചേർത്തു.

F-35, F-22, warships: America’s largest Middle East deployment since 2003

More Stories from this section

family-dental
witywide