ഇന്ത്യ പുതിയൊരു പണപ്പെരുപ്പത്തിന്റെ സമയത്തേക്ക് നീങ്ങുകയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി. രൂപയുടെ മൂല്യ തകർച്ചയും വ്യാവസായിക ഇന്ധന വിലവർധനയും വരാനിരിക്കുന്ന പണപ്പെരുപ്പത്തിന്റെ സൂചനയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കേന്ദ്രത്തിനെതിരെ ശക്തമായി ആഞ്ഞടിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ പ്രതികരണം. തിരഞ്ഞെടുപ്പിന് ശേഷം, പെട്രോൾ, ഡീസൽ, എൽപിജി വിലകളും ഉയർത്തും. നിത്യോപയോഗ സാധനങ്ങളുടെ വില ഉയരും അത് ചെറുകിട കച്ചവടങ്ങളെ ബാധിക്കുമെന്നും സാധാരണക്കാരുടെ കുടുംബ ചെലവുകളെ തകിടംമറിക്കുമെന്നും മോദി സർക്കാരിന് ദിശാബോധം ഇല്ലെന്നും എക്‌സിലൂടെ രാഹുൽ ഗാന്ധി വിമർശനം ഉന്നയിച്ചു.
മൂല്യത്തകർച്ചയും ഇന്ധനവില ഉയർച്ചയും, പ്രത്യേകിച്ച് അമേരിക്ക-ഇസ്രായേൽ-ഇറാൻ സംഘർഷ പശ്ചാത്തലത്തിൽ, ഇതിന് കാരണമാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു.“ഡോളറിനെതിരെ രൂപ ദുർബലമാകുകയും 100 എന്ന നിലയിലേക്ക് നീങ്ങുകയും ചെയ്യുന്നു. വ്യവസായ ഇന്ധനവിലകൾ കുത്തനെ ഉയരുന്നതും വെറും അക്കങ്ങൾ മാത്രമല്ല; വരാനിരിക്കുന്ന പണപ്പെരുപ്പത്തിന്റെ വ്യക്തമായ സൂചനകളാണ്,” എന്ന് രാഹുൽ എക്സിൽ കുറിച്ചു. അമേരിക്കൻ ഡോളറിനെതിരെ രൂപ 64 പൈസ ഇടിഞ്ഞ് 93.53 എന്ന ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ അടഞ്ഞതിന് പിന്നാലെയാണ് രാഹുലിന്റെ പരാമർശം. ക്രൂഡ് ഓയിൽ വില ഉയരുന്നതും ആഗോള നിക്ഷേപകരുടെ സൂക്ഷ്മ നിലപാടും ഇതിന് കാരണമായി.
രൂപയുടെ ഇടിവും ഇന്ധനവില വർധനവും സമ്പദ്‌വ്യവസ്ഥയിൽ വ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് ഗാന്ധി പറഞ്ഞു. സർക്കാർ ഇതിനെ “സാധാരണ” എന്ന് വിശേഷിപ്പിച്ചാലും യാഥാർത്ഥ്യം അങ്ങനെ അല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. “ഇത് ഓരോ കുടുംബത്തിന്റെയും ചെലവിൽ നേരിട്ടും ആഴത്തിൽ ബാധിക്കും” എന്നും രാഹുൽ പറഞ്ഞു.
ഇതിന്റെ പ്രത്യാഘാതമായി രാജ്യത്ത് ഉത്പാദനവും ഗതാഗതവും കൂടുതൽ ചെലവേറും, MSME മേഖല ഏറ്റവും കൂടുതൽ ബാധിക്കപ്പെടും, നിത്യോപയോഗ സാധനങ്ങളുടെ വില ഉയരും, വിദേശ നിക്ഷേപം (FII) വേഗത്തിൽ പിൻവാങ്ങും, ഓഹരി വിപണിയിൽ സമ്മർദ്ദം കൂടുമെന്നും രാഹുൽ പറഞ്ഞു. തിരഞ്ഞെടുപ്പുകൾക്ക് ശേഷം പെട്രോൾ, ഡീസൽ, എൽപിജി വിലകളും ഉയരും. മോദി സർക്കാരിന് ദിശയോ തന്ത്രമോ ഇല്ല. ശൂന്യ വാചകങ്ങൾ മാത്രമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
അതേസമയം, പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം, സിലിണ്ടർ ലഭ്യതയിൽ സമ്മർദ്ദം കുറയ്ക്കാൻ, സാധ്യമായിടത്ത് പൈപ്പ്‍ഡ് നാചുറൽ ഗ്യാസ് ഉപയോഗിക്കാൻ വാണിജ്യ ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. മതിയായ സ്റ്റോക്ക് ഉണ്ടെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടും, രാജ്യത്തിന്റെ പല ഭാഗങ്ങളിലും എൽപിജി ഡിപ്പോകളിൽ നീണ്ട നിരകളും പാനിക് വാങ്ങലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളത്തിൽ സ്ഥിതി കൂടുതൽ ഗുരുതരമായി, എൽപിജി ക്ഷാമത്തെ തുടർന്ന് നിരവധി ഹോട്ടലുകളും റസ്റ്റോറന്റുകളും താൽക്കാലികമായി പ്രവർത്തനം നിർത്തേണ്ടിവന്നിരുന്നു.
ഇതിനിടെ, കോൺഗ്രസ് നേതാവ് ശശി തരൂർ, രൂപയുടെ ഇടിവിന് ആഗോള കാരണങ്ങളാണ് പ്രധാനമെന്ന് പറഞ്ഞു. ഇത് സർക്കാരിന്റെ നിയന്ത്രണത്തിന് പുറത്തുള്ള ഘടകങ്ങളാൽ സംഭവിക്കുന്നതാണെന്നും യുപിഎ സർക്കാരിന്റെ കാലത്തുണ്ടായ സമാന സാഹചര്യങ്ങൾ ഓർക്കേണ്ടതുണ്ടെന്നും, അന്നത്തെ രൂപ ഇടിവിന് മുൻ സർക്കാർ ഉത്തരവാദികളാണെന്ന് ആരോപിച്ച നിലപാട് ബിജെപി സർക്കാർ പിൻവലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Falling Rupee, Steep Industrial Fuel Price Indicators Of Inflation: Rahul Gandhi










