
ഫാമിലി എമർജൻസിയെ തുടർന്ന് ഇന്ത്യയിൽ എത്തിയിരിക്കെ ജോലി നഷ്ടപ്പെട്ട യുഎസിലെ ഒരു H-1B വിസ ഉടമ സോഷ്യൽ മീഡിയയിൽ സഹായം തേടി. ജോലിയോടാണ് H-1B വിസയുടെ നിയമപരമായ നില പൂർണമായും ബന്ധിപ്പിച്ചിരിക്കുന്നത്. അതിനാൽ ജോലി നഷ്ടപ്പെടുന്നത് താമസാനുമതിയെയും ഭാവിയെയും നേരിട്ട് ബാധിക്കും. “കുടുംബ ആവശ്യത്തിന് ഇന്ത്യയിൽ എത്തിയിരിക്കുമ്പോഴാണ് കമ്പനി പിരിച്ചുവിട്ടത്. എന്റെ H-1B അപേക്ഷ 2028 വരെ സാധുവാണ്. ഇനി ഇന്ത്യയിൽ നിന്ന് വീണ്ടും വിസ സ്റ്റാമ്പ് ചെയ്ത് യുഎസിലേക്ക് മടങ്ങാൻ എന്തെല്ലാം വഴികളുണ്ട്?” എന്നാണ് Reddit-ലിട്ട കുറിപ്പിൽ അദ്ദേഹം ചോദിച്ചത്.
പോസ്റ്റ് ശ്രദ്ധേയമായതോടെ നിരവധി പേർ പ്രതികരിച്ചു. നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ പുതിയ തൊഴിലുടമ കണ്ടെത്തുന്നത് ബുദ്ധിമുട്ടാണെന്നായിരുന്നു പലരുടെയും അഭിപ്രായം. വിസ സ്റ്റാമ്പിംഗിൽ വൈകലും ഉയർന്ന ചെലവും പ്രശ്നമാകാമെന്നും ചിലർ ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ നിന്ന് യുഎസിലേക്കുള്ള തൊഴിലവസരങ്ങൾക്ക് വലിയ ആവശ്യകതയുള്ളതിനാൽ മത്സരം കടുത്തതാണെന്നും, കൃത്രിമബുദ്ധി (AI) രംഗത്തെ വളർച്ച H-1B അവസരങ്ങളെ കൂടുതൽ ബാധിക്കാമെന്നുമാണ് ചിലരുടെ നിരീക്ഷണം.
മറ്റുചിലർ ഓസ്ട്രേലിയ, കാനഡ, ന്യൂസിലൻഡ് പോലുള്ള രാജ്യങ്ങളിൽ സ്ഥിരതാമസത്തിനായി ശ്രമിക്കുന്നത് പരിഗണിക്കാമെന്ന് നിർദേശിച്ചു. H-1B താൽക്കാലിക തൊഴിൽ വിസ മാത്രമാണെന്നും, സ്ഥിരതാമസ വിസയായി കാണുന്നത് തെറ്റായ സമീപനമാണെന്നും ഒരാൾ അഭിപ്രായപ്പെട്ടു. അതേസമയം, പ്രായോഗിക നിർദേശങ്ങളും ഉയർന്നു. കമ്പനി വ്യക്തമാക്കിയ അവസാന ജോലിദിവസം വരെ നിയമപരമായി ജോലി നിലനിൽക്കുമെന്നും, ആ സമയപരിധിക്കുള്ളിൽ യുഎസിൽ പ്രവേശിക്കാൻ ശ്രമിക്കാമെന്നും ഒരാൾ നിർദേശിച്ചു.അമേരിക്കൻ കുടിയേറ്റ ചട്ടപ്രകാരം, ജോലി നഷ്ടപ്പെട്ട H-1B ഉദ്യോഗസ്ഥർക്ക് സാധാരണയായി 60 ദിവസത്തെ ‘ഗ്രേസ് പീരിയഡ്’ അനുവദിക്കാറുണ്ട്. ഈ കാലയളവിനുള്ളിൽ പുതിയ തൊഴിലുടമ കണ്ടെത്തി പുതുക്കിയ അപേക്ഷ സമർപ്പിക്കാം. എന്നാൽ പിരിച്ചുവിടൽ സമയത്ത് യുഎസിന് പുറത്തായിരുന്നാൽ വിസ സ്റ്റാമ്പിംഗ് അടക്കമുള്ള നടപടികൾ കൂടുതൽ സങ്കീർണമാകാൻ സാധ്യതയുണ്ട്.
‘Family emergency in India; What is the way to return to the US? H-1B official’s note goes viral















