വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മന്ത്രി വീണ ജോർജിനെ സ്ഥാനാർത്ഥിയാക്കുന്നത് ഒഴിവാക്കണമെന്ന മന്ത്രിയുടെ ഭര്‍ത്താവിൻ്റെ ആവശ്യം തള്ളി. ആറന്മുളയിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് മത്സരിക്കും. ഒഴിവാക്കണമെന്ന കുടുംബത്തിന്റെ ആവശ്യം സിപിഐഎം നിരാകരിച്ചു. വീണാ ജോര്‍ജ് ആറന്മുളയില്‍ മത്സരിക്കാനുള്ള ഒരുക്കങ്ങള്‍ നേരത്തെ തുടങ്ങിയിരുന്നു.
കുടുംബപരമായ കാര്യങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഭർത്താവ് ജോർജ് ജോസഫ് സിപിഐഎമ്മിനെ സമീപിച്ചത്. സംസ്ഥാന, ജില്ലാ, ഏരിയാ നേതാക്കളോടാണ് ജോർജ് ഫോണിലൂടെയും ചിലരോട് നേരിട്ടും വാക്കാൽ ആവശ്യപ്പെട്ടത്. എന്നാൽ, വീണാ ജോര്‍ജിന് മൂന്നാം തവണയും അവസരം നല്‍കാനാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം. സാങ്കേതിക നടപടിക്രമങ്ങളാണ് ഇനി അവശേഷിക്കുന്നത്.
മാധ്യമപ്രവർത്തകയായിരുന്ന വീണ ജോർജ് 2016-ൽ പുതുമുഖ സ്ഥാനാർഥിയായിട്ടാണ് ആറന്മുളയിൽ മത്സരിച്ചത്. 2021-ലും ജയം ആവർത്തിച്ചു. 2019-ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും ജയിച്ചില്ല. അതേസമയം, കണ്ണൂർ പേരാവൂരിൽ കെ കെ ശൈലജയും തളിപ്പറമ്പിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമളയും, കോഴിക്കോട് പേരാമ്പ്രയിൽ ടി പി രാമകൃഷ്ണനുമാണ് സിപിഐഎം സ്ഥാനാർത്ഥികൾ.
Family’s request to be excluded from the election was not considered; Minister Veena George will contest in Aranmula










