മുംബൈ: മഹാരാഷ്ട്രയിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ മകളെ അച്ഛൻ കൊല്ലപ്പെടുത്തി. രണ്ടു കുട്ടികളിലധികമുള്ളവർക്ക് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ലെന്ന വിലക്ക് മറികടക്കാനാണ് അച്ഛനായ പാണ്ഡുരംഗ് കൊണ്ടമംഗലെ ആറ് വയസ്സുള്ള മകളെ കൊലപ്പെടുത്തിയത്. നന്ദേഡ് ജില്ലയിലെ മുത്‌ഖേഡ് മണ്ഡലത്തിലെ കെരൂരിലാണ് സംഭവം. കൊലപാതകത്തിൽ പോലീസ് കൊല്ലപ്പെട്ട കുട്ടിയുടെ അച്ഛനെ അറസ്റ്റുചെയ്‌തു.
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സർപഞ്ചായി മത്സരിക്കാൻ ഇയാൾ ശ്രമിച്ചിരുന്നു. എന്നാൽ, രണ്ടിൽക്കൂടുതൽ കുട്ടികളുള്ള സ്ഥാനാർഥികളെ അയോഗ്യരാക്കുന്ന നിയമം ഇതിന് തടസ്സമായി. യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കാൻ പാണ്ഡുരംഗ് ഒരുകുട്ടിയെ ഇല്ലാതാക്കാൻ പദ്ധതിയിടുകയായിരുന്നു. കുറ്റകൃത്യം നടത്താൻ കെരൂർ ഗ്രാമത്തിലെ സിറ്റിങ് സർപഞ്ചായ ഗണേഷുമായി ഇയാൾ ഗൂഢാലോചന നടത്തിയതായും അന്വേഷണോദ്യോഗസ്ഥർ വെളിപ്പെടുത്തി.
മത്സരിക്കാനായി പാണ്ഡുരംഗ് മൂത്ത മകൾ പ്രാചിയെ നിസാമാബാദ് ജില്ലയിലെ എടപ്പള്ളി മണ്ഡലത്തിലേക്ക് കൊണ്ടുപോയി. മോട്ടോർ സൈക്കിളിൽ നിസാം സാഗർ കനാലിനടുത്തുള്ള എ.ആർ.പി. ക്യാമ്പ് പ്രദേശത്തെത്തിച്ച് കനാലിലേക്ക് തള്ളിയിടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. മുങ്ങിമരിച്ച കുട്ടിയുടെ മൃതദേഹം ലഭിച്ച പോലീസിന് ചില സംശയങ്ങൾ ഉണ്ടായിരുന്നു. ഫോട്ടോ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചതിനെത്തുടർന്ന് മരിച്ചത് പാണ്ഡുരംഗിൻ്റെ മകളാണെന്ന വിവരം ലഭിച്ചു. ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. കൊലപാതകത്തിൽ പങ്കുള്ള ഗണേഷിനേയും പൊലീസ് അറസ്റ്റുചെയ്തു.
Father kills daughter to contest local elections in Maharashtra











