ആലപ്പുഴ: കേന്ദ്ര സർക്കാരിൻ്റെ വിദേശസംഭാവന നിയന്ത്രണ നിയമത്തിൽ (എഫ്.സി.ആർ.എ.) ഭേദഗതി കൊണ്ടുവരുന്ന നീക്കത്തിൽ നിലപാട് കടുപ്പിച്ച് ക്രൈസ്‌തവസഭകൾ. ഒട്ടേറെ അനീതികളുടെ തുടർച്ചയാണിതെന്ന് അവർ കരുതുന്നു. ഏതാവശ്യത്തിനാണോ ഫണ്ടു സ്വീകരിക്കുന്നത് അതിനുതന്നെ പണം ചെലവഴിക്കുന്നുവെന്നുറപ്പാക്കാൻ പണം നൽകുന്നവർക്കും കേന്ദ്രസർക്കാരിനും കർശന സംവിധാനങ്ങളുണ്ട്. ഇതിനിയും കർശനമാക്കുന്നതിനോടും സഭകൾക്ക് ആക്ഷേപമില്ല.
എന്നാൽ, നിസ്സാര കാരണങ്ങളുടെ പേരിലും ലൈസൻസ് റദ്ദാക്കാനും പുതുക്കാതിരിക്കാനും പുതിയ ഭേദഗതിപ്രകാരം കഴിയും. അതുവഴി സർക്കാർ നിയോഗിക്കുന്ന അതോറിറ്റിക്ക് സ്വത്തുക്കൾ ഏറ്റെടുക്കാനും സാധിക്കും. ഏതെങ്കിലും ആവശ്യത്തിനെടുത്ത എഫ്.സി.ആർ.എ. ലൈസൻസ് ആവശ്യം പൂർത്തിയായശേഷം സറണ്ടർചെയ്താലും അതുവഴി ആർജിച്ച ആസ്‌തികൾ അതോറിറ്റിക്ക് ഏറ്റെടുക്കാം. ഭരണഘടനാവിരുദ്ധമായ വ്യവസ്ഥകൾ പിൻവലിക്കണമെന്ന് കേരള ലത്തീൻ കത്തോലിക്ക മെത്രാൻ സമിതി ആവശ്യപ്പെട്ടു.
വ്യവസ്ഥകൾ സന്നദ്ധസേവനരംഗത്തു പ്രവർത്തിക്കുന്നവരെ ഭയപ്പെടുത്താനും പിന്തിരിപ്പിക്കാനുമാണ് ഇടയാക്കുകയെന്ന് ലത്തീൻസഭാ വക്താവ് ഫാ. ഡോ. ജിജു ജോർജ് അറക്കത്തറ വ്യക്തമാക്കി. ബിൽ ന്യൂനപക്ഷവേട്ടയ്ക്കുള്ള മറ്റൊരായുധമാണെന്ന് കത്തോലിക്കസഭാ മുഖപത്രം ദീപികയും കുറ്റപ്പെടുത്തി. ബില്ലിനെതിരേ എതിർപ്പ് ശക്തമാക്കുന്നതിൻ്റെ ഭാഗമായി സി.ബി.സി.ഐ.യുടെ നേതൃത്വത്തിൽ ഏകോപനസമിതി രൂപവത്കരിച്ചു. ഇതരമതസംഘടനാ പ്രതിനിധികളും നിയമവിദഗ്‌ധരുമടങ്ങുന്ന എട്ടംഗസമിതിയാണ് രൂപവത്കരിച്ചത്.
ഇതിൽ എല്ലാ മതവിഭാഗങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് സി.ബി.സി.ഐ. ലീഗൽ സെൽ സെക്രട്ടറി അഡ്വ. സി. സായൂജ്യ പറഞ്ഞു. കഴിഞ്ഞദിവസം നടന്ന സമിതിയുടെ ആദ്യ യോഗത്തിൽ പങ്കെടുത്തവരെല്ലാം ബില്ലിലെ ആശങ്കകൾ പങ്കുവെച്ചു. ബില്ലിനെ പാർലമെന്റിൽ എതിർക്കാൻ എല്ലാ എം.പി.മാരെയും സമീപിക്കും. ഇതിനുപുറമേ കേന്ദ്രസർക്കാർ പ്രതിനിധികളുമായി കൂടിയാലോചനകൾക്ക് ശ്രമിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും സമീപിക്കും. അടുത്തമാസം മോദിയുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടിയിട്ടുണ്ട്. അതനുവദിക്കുകയാണെങ്കിൽ ഈ വിഷയമുന്നയിക്കുമെന്നും സി.ബി.സി.ഐ. അധികൃതർ അറിയിച്ചു.
FCRA Amendment Bill; Christian churches toughen stance on central move, Coordination Committee to meet Prime Minister













