
ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ (എഫ്.സി.ആർ.എ.) കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന പുതിയ ഭേദഗതികൾക്കെതിരെ ക്രൈസ്തവ സഭകൾ രംഗത്ത്. സഭകളെ വിശ്വാസത്തിലെടുക്കാനും സ്വാധീനം ഉറപ്പിക്കാനും ബി.ജെ.പി നടത്തുന്ന നീക്കങ്ങൾക്കിടെ പാർലമെൻ്റിൽ അവതരിപ്പിച്ച ഭേദഗതി ബില്ലാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. സഭകളുടെ കടുത്ത എതിർപ്പ് രാഷ്ട്രീയമായി ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
വിവാദമായ വ്യവസ്ഥ
അഞ്ചുവർഷം കൂടുമ്പോഴാണ് എഫ്.സി.ആർ.എ. ലൈസൻസ് പുതുക്കേണ്ടത്. എന്നാൽ പുതിയ ഭേദഗതി അനുസരിച്ച്, ലൈസൻസ് പുതുക്കൽ നിരസിക്കപ്പെടുകയോ, കൃത്യസമയത്ത് അപേക്ഷ നൽകാതിരിക്കുകയോ, കാലാവധി കഴിഞ്ഞിട്ടും പുതുക്കി ലഭിക്കാതിരിക്കുകയോ ചെയ്താൽ ഗുരുതരമായ നടപടികളുണ്ടാകും. അത്തരം സാഹചര്യങ്ങളിൽ, വിദേശ സംഭാവന ഉപയോഗിച്ച് നിർമ്മിച്ച ആസ്തികൾ കേന്ദ്ര സർക്കാർ നിയോഗിക്കുന്ന പ്രത്യേക അതോറിറ്റിക്ക് ഏറ്റെടുക്കാം എന്ന വ്യവസ്ഥയാണ് സഭകളെ പ്രകോപിപ്പിച്ചത്.
സഭകളുടെ ആശങ്ക
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ജീവകാരുണ്യ കേന്ദ്രങ്ങൾ തുടങ്ങി സഭകളുടെ കീഴിലുള്ള വലിയൊരു വിഭാഗം ആസ്തികളും വിദേശ സഹായത്തോടെ നിർമ്മിക്കപ്പെട്ടവയാണ്. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ലൈസൻസ് റദ്ദാക്കപ്പെട്ടാൽ ഈ സ്വത്തുക്കളെല്ലാം സർക്കാരിലേക്ക് കണ്ടുകെട്ടപ്പെടുമെന്ന ഭയമാണ് സഭകൾ പങ്കുവെക്കുന്നത്. ഇത് സഭകളുടെ പ്രവർത്തന സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് സഭാ നേതൃത്വം ആരോപിക്കുന്നു.
ബി.ജെ.പിക്ക് തിരിച്ചടി
കേരളത്തിലടക്കം ക്രൈസ്തവ സഭകളുമായി അടുത്ത ബന്ധം സ്ഥാപിക്കാൻ ബി.ജെ.പി കേന്ദ്ര നേതൃത്വം നിരന്തരം ശ്രമിച്ചുവരികയായിരുന്നു. എന്നാൽ, സഭകളുടെ സാമ്പത്തിക സ്രോതസ്സുകളെയും ആസ്തികളെയും ബാധിക്കുന്ന തരത്തിലുള്ള നിയമപരിഷ്കാരം ഈ നീക്കങ്ങൾക്ക് തിരിച്ചടിയാകുമോ എന്ന ആശങ്ക പാർട്ടി പ്രവർത്തകർക്കിടയിലുണ്ട്. സഭകൾ പരസ്യമായി രംഗത്തിറങ്ങിയതോടെ വിഷയം രാഷ്ട്രീയമായി ചർച്ച ചെയ്യപ്പെടുകയാണ്.
ആറുവർഷം മുൻപ് കൊണ്ടുവന്ന കർശന നിയന്ത്രണങ്ങൾക്ക് പിന്നാലെ, ഇപ്പോൾ കൊണ്ടുവരുന്ന പുതിയ ഭേദഗതികൾ ദുരുദ്ദേശ്യപരമാണെന്നാണ് സഭാ നേതൃത്വത്തിൻ്റെ വിലയിരുത്തൽ. 2020-ലെ ഭേദഗതി അനുസരിച്ച് എല്ലാ എഫ്.സി.ആർ.എ. അക്കൗണ്ടുകളും ന്യൂഡൽഹിയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മെയിൻ ബ്രാഞ്ചിലേക്ക് മാറ്റുന്നത് നിർബന്ധമാക്കിയിരുന്നു. ഇതിനകം തന്നെ പ്രവർത്തനങ്ങൾ ദുഷ്കരമായ സാഹചര്യത്തിലാണ്, ലൈസൻസ് പുതുക്കിയില്ലെങ്കിൽ ആസ്തികൾ സർക്കാർ അതോറിറ്റിക്ക് ഏറ്റെടുക്കാം എന്ന പുതിയ വ്യവസ്ഥ വരുന്നത്. ഇത് ന്യൂനപക്ഷ സ്ഥാപനങ്ങളെയും അവയുടെ സ്വത്തുക്കളെയും പിടിച്ചെടുക്കാനുള്ള നീക്കമാണെന്ന് സഭകൾ ഭയപ്പെടുന്നു.
.ലൈസൻസ് പുതുക്കാൻ അപേക്ഷ നൽകിയാലും പല കാരണങ്ങളാൽ തടയുകയോ റദ്ദാക്കുകയോ ചെയ്യുന്ന രീതി ഇപ്പോൾത്തന്നെയുണ്ട്. ഇത്തരത്തിൽ കേരളത്തിലെ ഒരു പ്രമുഖ അതിരൂപതയുടെ ലൈസൻസ് റദ്ദാക്കി. ഒരു പദ്ധതിക്കെതിരേ ഇവർ സമരംചെയ്തതാണ് കാരണമെന്ന് പറയുന്നു. മറ്റൊരു രൂപതയുടെ അക്കൗണ്ടിൽനിന്ന് സാങ്കേതികപ്പിഴവുകൾപറഞ്ഞ് 10 ലക്ഷം രൂപ പിഴയീടാക്കിയെന്നും വിവരമുണ്ട്. വിദേശ സംഭാവനകളെ വലിയ തോതിൽ ആശ്രയിക്കാത്ത കൊച്ചിയിലെ ഒരു പ്രമുഖ കത്തോലിക്കാ സ്ഥാപനത്തിൻ്റെ ലൈസൻസ് പോലും പുതുക്കി നൽകിയിട്ടില്ലെന്നത് നിയമം ദുരുപയോഗം ചെയ്യപ്പെടുന്നതിൻ്റെ തെളിവായി സഭകൾ ഉയർത്തിക്കാട്ടുന്നു.
വിദേശത്തുനിന്നുള്ള നേർച്ചപ്പണം പോലും സ്വീകരിക്കാൻ കഴിയാത്ത വിധം നിയമങ്ങൾ കർക്കശമാക്കുന്നത് സഭയെ വീർപ്പുമുട്ടിക്കാനാണ്” എന്ന് മലങ്കര ഓർത്തഡോക്സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പ്രതികരിച്ചു. ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലും നിയമത്തിനെതിരെ ശക്തമായ ഭാഷയിൽ രംഗത്തെത്തി. സഭകളുടെ ആസ്തികൾ ഏറ്റെടുക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിന് നൽകുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ജനാധിപത്യ വിരുദ്ധമാണെന്നും സഭകൾ ഒറ്റക്കെട്ടായി വാദിക്കുന്നു. ബില്ലിലെ പൗരാവകാശലംഘനങ്ങൾ ചൂണ്ടിക്കാട്ടുന്നത് സർക്കാർ അവ തിരുത്തുമെന്ന പ്രതീക്ഷയിലാണെന്നും സഭയെ രാഷ്ട്രീയവിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും ചങ്ങനാശ്ശേരി അതിരൂപത ആർച്ച്ബിഷപ്പ് മാർ തോമസ് തറയിൽ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ലൈസൻസ് പുതുക്കുന്നതിലെ സങ്കീർണ്ണതകൾ കാരണം വിദേശ ഫണ്ട് സ്വീകരിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം രാജ്യത്ത് കുത്തനെ കുറഞ്ഞതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2011-ൽ രാജ്യത്ത് ഏകദേശം 40,000 സ്ഥാപനങ്ങൾക്ക് വിദേശ ഫണ്ട് സ്വീകരിക്കാൻ അനുമതിയുണ്ടായിരുന്നെങ്കിൽ, 2016-ലെ കർശനമായ പുതുക്കൽ നടപടികൾക്ക് ശേഷം ഇത് 16,000-ത്തോളമായി കുറഞ്ഞു. നിലവിലെ പുതിയ ഭേദഗതികൾ കൂടി വരുന്നതോടെ ഈ എണ്ണം ഇനിയും താഴാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
കേരളത്തിൽ വിദേശ ഫണ്ട് സ്വീകരിക്കുന്ന സ്ഥാപനങ്ങളിൽ 60 ശതമാനത്തോളവും ക്രൈസ്തവ സഭകളുടെ കീഴിലുള്ളവയാണ്. അനാഥാലയങ്ങൾ, പാലിയേറ്റീവ് കെയർ സെന്ററുകൾ, സൗജന്യ ചികിത്സാ കേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങളെ ഈ നിയന്ത്രണങ്ങൾ നേരിട്ട് ബാധിക്കുന്നു. ഫണ്ട് നിലയ്ക്കുന്നത് പാവപ്പെട്ടവർക്ക് ലഭിക്കുന്ന സേവനങ്ങൾ തടസ്സപ്പെടാൻ കാരണമാകുന്നുവെന്ന് സഭാ വക്താക്കൾ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ നിയമങ്ങൾ ഭിന്നതയുണ്ടാക്കുന്നതിനാവരുതെന്നും ഉദ്ദേശ്യശുദ്ധിയുള്ളതാവണമെന്നും കെ.സി.ബി.സി. ജാഗ്രതാകമ്മിഷൻ സെക്രട്ടറി ഫാ. മൈക്കിൾ പുളിക്കൽ പറഞ്ഞു.
എന്താണ് എഫ്.സി.ആർ.എ.
വിദേശ സംഭാവന (നിയന്ത്രണം) നിയമം അല്ലെങ്കിൽ Foreign Contribution (Regulation) Act എന്നതിൻ്റെ ചുരുക്കരൂപമാണ് FCRA. സാമൂഹികസേവനങ്ങൾക്കായി വിദേശഫണ്ട് സ്വീകരിക്കുന്നതിന് നിയന്ത്രണംവരുത്താനായി 1976-ലാണ് ഈ നിയമം കൊണ്ടുവന്നത്. പിന്നീട് പലതവണ ഭേദഗതികൾ വന്നു. രാജ്യത്തെ സ്ഥാപനങ്ങൾക്കോ സർക്കാരിതര സംഘടനകൾക്കോ പ്രത്യേക സാമൂഹികാവശ്യത്തിന് വിദേശത്തുള്ള വ്യക്തികളിൽനിന്നോ സംഘടനകളിൽനിന്നോ സംഭാവന സ്വീകരിക്കാം. ഇതിന് പദ്ധതി സമർപ്പിക്കണം. പണം ചെലവഴിച്ച രീതിയിൽ സംശയം തോന്നിയാൽ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ രഹസ്യാന്വേന്വേഷണം നടത്തും. കേസെടുക്കാനുള്ള അധികാരം സി.ബി.ഐ.ക്കാണ്.
FCRA Amendment: Churches take a public stand; BJP on the defensive.















