
വാഷിങ്ടൺ ∙ ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിനെതിരെ യു.എസ്. ജസ്റ്റിസ് ഡിപ്പാർട്മെന്റ് ക്രിമിനൽ അന്വേഷണം. തനിക്കെതിരെ അന്വേഷണം ആരംഭിച്ചതായി പവലും സ്ഥിരീകരിച്ചു. ഞായറാഴ്ച രാത്രി പുറത്തിറക്കിയ വീഡിയോ പ്രസ്താവനയിലൂടെയാണ് ഫെഡ് മേധാവിയുടെ പ്രതികരണം.
ഈ വർഷം ഫെഡറൽ റിസർവ് കെട്ടിടങ്ങളുടെ നവീകരണവുമായി ബന്ധപ്പെട്ട് നൽകിയ സാക്ഷ്യമാണ് അന്വേഷണവുമായി ബന്ധപ്പെട്ടതെന്ന് പവൽ വ്യക്തമാക്കി. എന്നാൽ പലിശനിരക്കുകൾ കുറയ്ക്കാൻ ഫെഡിന് മേൽ സമ്മർദ്ദം ചെലുത്തുന്ന ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന്റെ ഭാഗമായാണ് അന്വേഷണം നടന്നുവരുന്നതെന്നും അദ്ദേഹം ആരോപിച്ചു. പലിശനിരക്കുകൾ സാമ്പത്തിക സാഹചര്യങ്ങൾ അടിസ്ഥാനമാക്കി നിശ്ചയിക്കാനാകുമോ, അല്ലെങ്കിൽ രാഷ്ട്രീയ സമ്മർദ്ദം നിർണ്ണായകമാകുമോ എന്നതാണ് ഇപ്പോൾ ചോദ്യമെന്ന് പവൽ പറഞ്ഞു.
നികുതിദായകരുടെ പണത്തിന്റെ ദുരുപയോഗവുമായി ബന്ധപ്പെട്ട കേസുകൾക്ക് മുൻഗണന നൽകാൻ യുഎസ് അറ്റോർണിമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് അറ്റോർണി ജനറൽ പാം ബോണ്ടിയുടെ വക്താവ് പ്രതികരിച്ചു. നടക്കുന്ന അന്വേഷണങ്ങളെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് ഡിസി അറ്റോർണിയുടെ ഓഫീസും അറിയിച്ചു.
അതേസമയം, അന്വേഷണവുമായി തനിക്ക് ബന്ധമില്ലെന്ന് ട്രംപ് നിഷേധിച്ചു. അതിനെക്കുറിച്ച് എനിക്കറിയില്ല. എന്നാൽ ഫെഡിലും കെട്ടിടനിർമാണത്തിലും അദ്ദേഹം മികച്ചതല്ല .എന്ന് ട്രംപ് പറഞ്ഞു. പലിശനിരക്കുകൾ വളരെ ഉയർന്നതാണ് യഥാർത്ഥ സമ്മർദ്ദമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ജൂലൈയിൽ ഫെഡറൽ റിസർവ് കെട്ടിടം സന്ദർശിച്ച ട്രംപും പവലും നവീകരണ പദ്ധതിയുടെ പുരോഗതി വിലയിരുത്തിയിരുന്നു. ചെലവുകൂടലിനെക്കുറിച്ച് ട്രംപ് കടുത്ത വിമർശനമുയർത്തിയിരുന്നു. സെനറ്റ് ബാങ്കിംഗ് കമ്മിറ്റിക്ക് നൽകിയ സാക്ഷ്യത്തിൽ തെറ്റായ വിവരങ്ങൾ പറഞ്ഞുവെന്നാരോപിച്ച് ഫ്ലോറിഡയിലെ റിപ്പബ്ലിക്കൻ പ്രതിനിധി അന്ന പൗലിന ലൂന പവലിനെതിരെ ക്രിമിനൽ റഫറൽ അയച്ചിരുന്നു. അതേസമയം, പവലിന്റെ ചെയർമാൻ പദവിയുടെ കാലാവധി മെയ് മാസത്തിൽ അവസാനിക്കും. 2028 വരെ ഫെഡറൽ റിസർവ് ഗവർണർമാരുടെ ബോർഡിൽ അംഗമായി തുടരാം.
Fed. The Trump administration has announced an investigation into Reserve Chairman Jerome Powell














