അഞ്ചാമത് ലോക കേരള സഭ ജനുവരി 29, 30, 31 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുമെന്ന് സ്പീക്കർ എ.എൻ. ഷംസീർ അറിയിച്ചു. ജനുവരി 29-ന് നിശാഗന്ധിയിൽ നടക്കുന്ന പൊതുയോഗത്തോടെയാകും പരിപാടികൾക്ക് തുടക്കമാകുക. ജനുവരി 30, 31 തീയതികളിൽ നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ വെച്ച് സഭയുടെ ഔദ്യോഗിക നടപടികൾ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ സഭയുടെ ഉദ്ഘാടനം നിർവഹിക്കും. 125 രാജ്യങ്ങളിൽ നിന്നും 28 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. പ്രവാസികളായ 182 അംഗങ്ങളും പ്രത്യേക ക്ഷണിതാക്കളും ഉൾപ്പെടെയുള്ളവരാണ് ഇത്തവണ സഭയിൽ എത്തുന്നത്.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ കോടികൾ ചെലവിട്ട് ലോക കേരള സഭ നടത്തുന്നതിനെതിരെ പ്രതിപക്ഷം ശക്തമായ ആരോപണങ്ങളാണ് ഉയർത്തുന്നത്. പത്തുകോടി രൂപയോളമാണ് ഇത്തവണ പരിപാടിക്കായി പ്രതീക്ഷിക്കുന്ന ചെലവ്. രണ്ട് വർഷം കൂടുമ്പോൾ സഭ ചേരുമെന്നായിരുന്നു മുൻ തീരുമാനം എങ്കിലും, കഴിഞ്ഞ ജൂണിൽ സമ്മേളിച്ചതിന് ശേഷം ഒരു വർഷം തികയും മുൻപേ വീണ്ടും സഭ ചേരുന്നത് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്ന വിമർശനവും ഉയരുന്നുണ്ട്. രണ്ടാം പിണറായി സർക്കാരിന്റെ കാലാവധി തീരും മുൻപേ മറ്റൊരു സഭ കൂടി നടത്താനുള്ള ധൃതിയാണിതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
വിവാദങ്ങളിൽ മുങ്ങുന്ന ചരിത്രമാണ് ലോക കേരള സഭയ്ക്കുള്ളതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. പ്രവാസി ക്ഷേമവും കേരള വികസനവും ലക്ഷ്യമിട്ടാണ് സഭ ചേരുന്നതെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും, ഇതുവരെ നടന്ന സമ്മേളനങ്ങളുടെ നേട്ടങ്ങളെക്കുറിച്ചുള്ള വ്യക്തമായ കണക്കുകൾ സർക്കാർ പുറത്തുവിട്ടിട്ടില്ലെന്ന ആക്ഷേപവും ശക്തമാണ്. എന്നാൽ, പ്രവാസികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും അവരുടെ സഹകരണത്തോടെ വികസന കാഴ്ചപ്പാടുകൾ രൂപീകരിക്കാനുമുള്ള സുപ്രധാന വേദിയായി ലോക കേരള സഭ മാറുമെന്ന് സ്പീക്കർ പറഞ്ഞു. എട്ട് വിഷയങ്ങളെ ആസ്പദമാക്കിയുള്ള ചർച്ചകളും ഏഴ് മേഖല സമ്മേളനങ്ങളും ഇത്തവണത്തെ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും.













