പോരാട്ടം പൊടിപാറും, 140 മണ്ഡലങ്ങളിലും മത്സരചിത്രം തെളിഞ്ഞു, ഇക്കുറി അങ്കത്തട്ടിൽ 890 സ്ഥാനാർഥികൾ

കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികകൾ പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ സംസ്ഥാനത്തെ അന്തിമ മത്സരച്ചിത്രം വ്യക്തമായി. 140 മണ്ഡലങ്ങളിലായി ആകെ 890 സ്ഥാനാർത്ഥികളാണ് ഇത്തവണ ജനവിധി തേടുന്നത്. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം 985 സ്ഥാനാർത്ഥികളുണ്ടായിരുന്നെങ്കിലും പത്രിക പിൻവലിക്കാനുള്ള അവസാന സമയം കഴിഞ്ഞതോടെ എണ്ണം 890 ആയി കുറഞ്ഞു. മുന്നണികളുടെ ഡമ്മി സ്ഥാനാർത്ഥികളും ഏതാനും സ്വതന്ത്രരും പത്രിക പിൻവലിച്ചതോടെയാണ് പോരാട്ടത്തിന്റെ അന്തിമ രൂപമായത്. മഞ്ചേശ്വരത്തെ എസ്ഡിപിഐ സ്ഥാനാർത്ഥിയും പത്രിക പിൻവലിച്ചവരിൽ ഉൾപ്പെടുന്നു.

ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മത്സരരംഗത്തുള്ളത് കൊടുവള്ളി മണ്ഡലത്തിൽ ആണ്. ഇവിടെ 13 സ്ഥാനാർഥികളാണ് ഉള്ളത്. തൊട്ടുപിന്നാലെ തിരുവനന്തപുരം, പേരാവൂർ മണ്ഡലങ്ങളാണ്. രണ്ടിടത്തും 11 പേർ വീതമാണ് ജനവിധി തേടുന്നത്. മൂന്ന് മുന്നണികൾ മാത്രം നേരിട്ട് ഏറ്റുമുട്ടുന്ന വയനാട്ടിലെ മാനന്തവാടി മണ്ഡലത്തിലാണ് ഏറ്റവും കുറവ് സ്ഥാനാർത്ഥികളുള്ളത്. പത്രിക പിൻവലിക്കൽ പൂർത്തിയായതോടെ മുന്നണികൾ ഇനി പ്രചാരണത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കും. വരും ദിവസങ്ങളിൽ ദേശീയ നേതാക്കളടക്കം പ്രചാരണത്തിനായി കേരളത്തിലെത്തുന്നതോടെ രാഷ്ട്രീയ പോരാട്ടം കൂടുതൽ ശക്തമാകും.

അപരഭീഷണിയും വിമത ശല്യവും പല മണ്ഡലങ്ങളിലും നിലനിൽക്കുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥാനാർത്ഥികൾ പ്രചാരണത്തിൽ ഏറെ മുന്നിലെത്തിക്കഴിഞ്ഞു. ചിഹ്നങ്ങൾ അനുവദിക്കപ്പെട്ടതോടെ സ്ഥാനാർത്ഥികൾ വോട്ടർമാരെ നേരിൽ കാണുന്ന തിരക്കിലാണ്. വരും ആഴ്ചകളിൽ വീടുകൾ കയറിയുള്ള പ്രചാരണത്തിനും പൊതുയോഗങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾ കൂടുതൽ പ്രാധാന്യം നൽകും. സംസ്ഥാനത്തെ വോട്ടർമാരുടെ മനസ്സ് ആർക്കൊപ്പം നിൽക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ രാഷ്ട്രീയ കേരളം.

Final list of candidates for Kerala Assembly Election out; 890 to contest in 140 seats

Also Read

More Stories from this section

family-dental
witywide