ഒടുവിൽ പുറത്തേക്ക്; രാഹുൽ മാങ്കൂട്ടത്തിലിന് മൂന്നാം ബലാത്സംഗ കേസില്‍ ജാമ്യം

മൂന്നാം ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം ലഭിച്ചു. പത്തനംതിട്ട സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. രണ്ടാഴ്ചയിൽ അധികമായി ജയിലിൽ കഴിയുകയായിരുന്നു രാഹുല്‍. ആദ്യ കേസായാണ് കോടതി ഇന്ന് കേസ് പരി​ഗണിച്ചത്. വാദം പൂർത്തിയായതിനാൽ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് മാത്രമാണ് കോടതി പുറപ്പെടുവിച്ചത്.

കേസിൽ പരാതിക്കാരിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധമെന്ന് സ്ഥാപിക്കാനായിരുന്നു പ്രതിഭാഗത്തിന്റെ ശ്രമം. പരാതിയിൽ പറയുന്ന പല കാര്യങ്ങളും വ്യാജമാണെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചിരുന്നു. കേസിൽ നേരത്തെ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചിരുന്നു. തുടര്‍ന്ന് പത്തനംതിട്ട സെക്ഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുകയായിരുന്നു. രണ്ട് തവണയാണ് ജാമ്യാപേക്ഷയിൽ വാദം നടന്നത്.

ക്രൂരമായി പീഡനത്തിന് ഇരയാക്കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു പരാതിക്കാരി ഉന്നയിച്ചിരുന്നത്. അന്വേഷണം പൂർത്തിയായിട്ടില്ലെന്നും ചോദ്യം ചെയ്യലുമായി രാഹുൽ സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷനും കോടതിയെ ധരിപ്പിച്ചിച്ചിരുന്നു. രാഹുലിന്റെയും അതിജീവിതയുടെയും ശബ്ദ സന്ദേശം അടക്കമുള്ള തെളിവുകൾ കോടതി കഴിഞ്ഞദിവസം പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയ ആദ്യ ബലാത്സംഗ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്‍റെ ബെഞ്ചാണ് ഹര്‍ജിയില്‍ ഇന്ന് വിശദമായ വാദം കേള്‍ക്കുക. രാഹുലിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. രാഹുലിനെതിരെ അതിജീവിതയുടെ സത്യവാങ്മൂലവും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയടക്കം പത്തോളം പേരെ രാഹുല്‍ ലൈംഗിക പീഡനത്തിന് ഇരകളാക്കിയിട്ടുണ്ടെന്നും അതിജീവിത സത്യവാങ്മൂലത്തില്‍ ആരോപിച്ചിരുന്നു. എസ്ഐടി രജിസ്റ്റര്‍ ചെയ്ത ആദ്യ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഹൈക്കോടതിയെ സമീപിച്ചത്.

Finally out; Rahul Mamkootatil granted bail in third rape case

More Stories from this section

family-dental
witywide