റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ മോദിക്ക് വലിയ പങ്കുവഹിക്കാനാകും, ഇടപെടണം; ഇന്ത്യ സന്ദർശിക്കാനൊരുങ്ങി ഫിൻലൻഡ് പ്രസിഡന്‍റ്

റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സജീവമായ ഇടപെടൽ ആവശ്യപ്പെട്ട് ഫിൻലൻഡ്. ലോകത്തെ ഒരു ‘സൂപ്പർ പവർ’ എന്ന നിലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഈ സംഘർഷം അവസാനിപ്പിക്കാൻ വലിയ പങ്കുവഹിക്കാനാകുമെന്ന് ഫിൻലൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്ബ് വ്യക്തമാക്കി. യുദ്ധത്തിന്റെ സമാധാനപരമായ പരിഹാരത്തിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കേണ്ടത് യുക്രൈൻ ജനതയാണെന്നും റഷ്യയല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പ്രധാനമന്ത്രി മോദിയുടെ ക്ഷണമനുസരിച്ച് അലക്സാണ്ടർ സ്റ്റബ്ബ് ഉടൻ ഇന്ത്യ സന്ദർശിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഇന്ത്യയും ഫിൻലൻഡും തമ്മിലുള്ള രാഷ്ട്രീയ, സാമ്പത്തിക, പ്രതിരോധ ബന്ധം കൂടുതൽ ശക്തമാക്കാൻ ഇരുനേതാക്കളും തമ്മിലുള്ള സൗഹൃദം വഴിതുറക്കുമെന്ന് നിരീക്ഷിക്കപ്പെടുന്നു. നിലവിൽ മൂന്ന് ബില്യൺ യൂറോയുടെ ഉഭയകക്ഷി വ്യാപാരമാണ് ഇരുരാജ്യങ്ങൾക്കുമിടയിലുള്ളത്. സാങ്കേതികവിദ്യ, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളിൽ കൂടുതൽ സഹകരണത്തിന് സാധ്യതയുണ്ടെന്നും സ്റ്റബ്ബ് സൂചിപ്പിച്ചു. റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയ്ക്കുമേൽ 25 ശതമാനം പിഴച്ചുങ്കം ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ, ഇന്ത്യയുടെ വിദേശനയവും വ്യാപാര നീക്കങ്ങളും ലോകം ഉറ്റുനോക്കുകയാണ്.

റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കുമെന്നാണ് യൂറോപ്യൻ രാജ്യങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് ഫിൻലൻഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. യുദ്ധം നീണ്ടുപോകുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്നതിനാൽ ഇന്ത്യയുടെ സമാധാന നീക്കങ്ങൾക്ക് വലിയ പ്രസക്തിയുണ്ട്. ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള വ്യാപാര കരാർ (India-EU Trade Deal) വേഗത്തിലാക്കുന്നതിനും ഫിൻലൻഡ് പിന്തുണ അറിയിച്ചിട്ടുണ്ട്. വരാനിരിക്കുന്ന ഫിന്നിഷ് പ്രസിഡന്റിന്റെ സന്ദർശനത്തിൽ സമാധാന ചർച്ചകൾക്കും വ്യാപാര ഉടമ്പടികൾക്കും വലിയ മുൻഗണന നൽകുമെന്നാണ് സൂചന.

Finland Urges India to Broker Russia-Ukraine Peace President Alexander Stubb to Visit India Soon

More Stories from this section

family-dental
witywide